മുഖ്യമന്ത്രി ദൂതന്മാരെ അയച്ച് ബിജെപിയെ പ്രീണിപ്പിക്കുന്നു: വി ഡി സതീശൻ

മുഖ്യമന്ത്രി ദൂതന്മാരെ അയച്ച് ബിജെപിയെ പ്രീണിപ്പിക്കുന്നു: വി ഡി സതീശൻ

കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ചതെന്ന് വി.ഡി. സതീശന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ദൂതന്‍മാരെ അയച്ച് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതും അവര്‍ക്ക് ആവശ്യമുള്ളതൊക്കെ ചെയ്തു കൊടുക്കുന്നതും. കൊടകര കുഴപ്പണ ഇടപാടില്‍നിന്നും കെ സുരേന്ദ്രനെ രക്ഷപ്പെടുത്തിയതും ഇതേ രീതിയിലാണ്. പരസ്പരം പുറംചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരായി നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

തൃശൂര്‍ പൂരം കലക്കാനാണ് എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെയും കൂടിക്കാഴ്ച നടത്തിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ബിജെപിയുടെ ആഗ്രഹം. അതിന് എഡിജിപി വഴി മുഖ്യമന്ത്രി നല്‍കിയ ദൂതിന് തങ്ങള്‍ സഹായിക്കാം എന്നായിരുന്നു ബിജെപിയുടെ ഉറപ്പ്. അതിന്റെ തുടര്‍ച്ചയായാണ് തൃശൂര്‍ പൂരം കലക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കിട്ടിയ വിവരം പലതവണ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ആരോപണമായി ഉന്നയിച്ചത്. ഇടനിലക്കാരന്റെ പേരും പോയ വാഹനവും ഉള്‍പ്പെടെ എല്ലാം ഉറപ്പു വരുത്തി നൂറു ശതമാനം ബോധ്യത്തോടെയാണ് ആരോപണം ഉന്നയിച്ചത്. സി.പി.എം ഇപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. എ.ഡി.ജി.പി സ്വന്തം ഇഷ്ടപ്രകാരം കണ്ടെന്നാണ് സി.പി.എം ന്യായീകരിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ത് വ്യക്തിപരമായ കാര്യത്തിനാണ് ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചത്? വേറെ ഒരു കാരണവുമില്ല. രാഷ്ട്രീയദൂതുമായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.

മുഖ്യമന്ത്രി ഇതിന് മുന്‍പും കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്. സി.പി.എം നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളാത്തതു കൊണ്ടാണ് ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ വിശ്വസ്തനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അയച്ചത്. താന്‍ അറിയാതെയാണ് ഉദ്യോഗസ്ഥന്‍ പോയതെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും പിറ്റേ ദിവസം മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞല്ലോ. എന്നിട്ടും വിശദീകരണം ചോദിക്കാനോ നടപടി എടുക്കാനോ തയാറായോ? ഡി.ജി.പിക്കും എ.ഡി.ജി.പിക്കുമൊക്കെ ഇഷ്ടാനുസരണം ആളുകളെ കാണാന്‍ സാധിക്കുമോ? ലീവ് എടുത്താണോ അതോ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണോ എ.ഡി.ജി.പി., ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ പോയത്? ഇതൊക്കെ അന്വേഷിക്കണം. ഒരു മണിക്കൂര്‍ സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങളോ അതിര്‍ത്തി തര്‍ക്കമോ ആണോ? പരസ്പരം സഹായിക്കാനുള്ള പൊളിറ്റിക്കല്‍ മിഷനായിരുന്നു. അതാണ് പുറത്തു വന്നിരിക്കുന്നത്. ജനങ്ങളെയാണ് വിഡ്ഢികളാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )