ആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍
മഹാരാഷ്ട്ര: പനി ബാധിച്ച് മരിച്ച രണ്ട് മക്കളുടെ മൃതദേഹം ആംബുലന്‍സില്ലാത്തതിനാല്‍ ചുമലിലേറ്റ് നടന്ന് മാതാപിതാക്കള്‍. മഹാരാഷ്ട്രയിലെ അഹേരി താലൂക്കില്‍ നിന്നുള്ള നടക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. 10 വയസ്സിന് താഴെയുള്ള രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹങ്ങളആണ് തോളിലേറ്റി വനപാതയിലൂടെ ദമ്പതികള്‍ നടന്നുപോയത്. ഇതിന്റെ വീഡിയോ നിയമസഭാ പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാര്‍ പങ്കുവച്ചു. പനി ബാധിച്ചിട്ടും കൃത്യസമയത്ത് ശരിയായ ചികില്‍സ ലഭിച്ചിക്കാത്തതിനാലാണ് കുട്ടികള്‍ മരിച്ചതെന്നും ആരോപണമുണ്ട്. ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗഡ്ചിറോളിയിലെ ഗ്രാമത്തിലെ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ ചുമലിലേറ്റി കൊണ്ടുപോയത്.
‘രണ്ട് സഹോദരന്മാര്‍ക്കും പനി ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് കൃത്യസമയത്ത് ചികില്‍സ ലഭിച്ചില്ല. രണ്ട് മണിക്കൂറിനുള്ളില്‍, അവരുടെ നില വഷളായി, അടുത്ത ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ആണ്‍കുട്ടികളും മരണത്തിന് കീഴടങ്ങി’-ദുരന്തത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വിജയ് വഡെറ്റിവാര്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ മൃതദേഹം അവരുടെ ഗ്രാമമായ പട്ടിഗാവിലേക്ക് മാറ്റാന്‍ പോലും ആംബുലന്‍സ് ഇല്ലായിരുന്നു. കൂടാതെ മഴയില്‍ നനഞ്ഞ ചെളി നിറഞ്ഞ പാതയിലൂടെ 15 കിലോമീറ്റര്‍ നടക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. ഗഡ്ചിരോളിയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഒരു ഭീകരമായ യാഥാര്‍ത്ഥ്യം ഇന്ന് വീണ്ടും മുന്നിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹായുതി സഖ്യകക്ഷികളായ ബിജെപിയുടെ ഫഡ്നാവിസ് ഗഡ്ചിറോളിയിലെ ഗാര്‍ഡിയന്‍ മന്ത്രിയാണെന്നും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ധര്‍മറാവു ബാബ അത്റാം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സര്‍ക്കാരില്‍ എഫ്ഡിഎ മന്ത്രിയാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.