ഇ പി ജയരാജന്റെ ആത്മകഥയെക്കുറിച്ചുള്ള വാർത്തകൾ തെറ്റ്: പ്രകാശ് കാരാട്ട്

ഇ പി ജയരാജന്റെ ആത്മകഥയെക്കുറിച്ചുള്ള വാർത്തകൾ തെറ്റ്: പ്രകാശ് കാരാട്ട്

ദില്ലി: മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇ പി ജയരാജന്റെ ആത്മകഥയെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് പോളിറ്റ് ബ്യൂറോ അം​ഗം പ്രകാശ് കാരാട്ട്. ഇ പി ജയരാജൻ തന്നെ ആരോപണം നിഷേധിച്ചതാണെന്നും ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ആരോപണം ഗുരുതരമല്ല, അസംബന്ധമാണ്. അങ്ങനെയൊന്ന് എഴുതിയിട്ടോ പ്രസിദ്ധീകരിച്ചിട്ടോ ഇല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 

ഇപിയുടെ ആത്മകഥയുടെ കവർ ഇന്നലെ ഡിസി പുറത്തുവിട്ടിരുന്നു. കട്ടൻചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകം തന്റേതല്ലെന്ന വെളിപ്പെടുത്തലുമായി ഇപി രം​ഗത്തെത്തി. തന്റെ ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആയിരുന്നു ഇപിയുടെ വെളിപ്പെടുത്തൽ. ഇന്ന് പുറത്തുവന്ന ഒരു കാര്യവും ഞാൻ എഴുതിയതല്ല. ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാർത്തയാണ് ഞാൻ കാണുന്നത്. അതിനു താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

തന്റെ പുസ്തകം താമസിയാതെ പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച മാതൃഭൂമിയോടും ഡിസി ബുക്സിനോടും ആലോചിച്ചിട്ട് പറയാമെന്നാണ് താൻ പറഞ്ഞത്. ഇന്ന് പുറത്തുവന്ന വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചതാണ്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പ്രസിദ്ധീകരണക്കാരുടെ പ്രത്യേക നടപടികൾ ഉണ്ടോ എന്നും സംശയമുണ്ട്. ഇതുവരെ പുസ്തകം ഞാൻ എഴുതിക്കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കാക്കി സ്ഥാനാർത്ഥികളെ കുറിച്ചുള്ള പരാമർശം ബോധപൂർവം ഉണ്ടാക്കിയതാണ്. പ്രസിദ്ധീകരിക്കാൻ താൻ ഡിസി ബുക്‌സിനെ ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )