പുതുവത്സരാഘോഷം; കൊച്ചിയിൽ പരിശോധന കർശനമാക്കി
കൊച്ചി: നഗരത്തില്‍ രാസലഹരി ഒഴുകുന്നത് തടയാന്‍ പോലീസ് പരിശോധന ശക്തമാക്കി. നഗരത്തില്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് പരിശോധന. കഴിഞ്ഞ മൂന്നു ദിവസമായി നഗരത്തില്‍ നടന്ന കര്‍ശന പരിശോധനകള്‍ക്ക് പുറമേ നഗരാതിര്‍ത്തിയില്‍ സൂക്ഷ്മ നിരീക്ഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്ക് പുറമേ രാജ്യാന്തര ലഹരി കടത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറിയിരിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിലും പരിശോധനകള്‍ കര്‍ശനമാണ്. രാസലഹരി കൂടി ഉള്‍പ്പെട്ടിട്ടുള്ള ഡിജെ പാര്‍ട്ടികളും മറ്റും നഗരത്തില്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതും പോലീസിന്റെ നിരീക്ഷണത്തിലാണ്.
ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ലഹരിമരുന്ന് ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ വലിയ പരിശോധനകളാണ് കഴിഞ്ഞ 3 ദിവസമായി കൊച്ചി പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന പരിശോധനയില്‍ മാത്രം 47 പേര്‍ അറസ്റ്റിലാവുകയും 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിടിച്ചെടുത്തവയില്‍ എംഡിഎംഎ, എല്‍എസ്ഡി സ്റ്റാംപുകള്‍, കഞ്ചാവ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.