തന്റെ പ്രശസ്തി വിരാട് കോഹ്‌ലിയുമായോ ധോണിയുമായോ താരതമ്യപ്പെടുത്തരുത് : നീരജ് ചോപ്ര
ഡല്‍ഹി: അന്താരാഷ്ട്ര അത്‌ലറ്റിക് വേദികളില്‍ ഇന്ത്യയ്ക്കായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ജാവലിന്‍ ത്രോയര്‍ നീരജ് ചോപ്ര. എന്നാല്‍ തന്റെ പ്രസിദ്ധിയെ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലിയുമായോ മഹേന്ദ്ര സിം?ഗ് ധോണിയുമായോ താരതമ്യപ്പെടുത്തരുതെന്ന് പറയുകയാണ് ഇപ്പോള്‍ നീരജ്. തന്റെ ലക്ഷ്യം ജാവലിന്‍ ത്രോയ്ക്ക് ഇന്ത്യയില്‍ കൂടുതല്‍ പ്രസിദ്ധി നേടിനല്‍കുകയാണെന്നും താരം പ്രതികരിച്ചു.
നമ്മുടെ കായിക ഇനത്തോട് ബഹുമാനമുണ്ടെങ്കില്‍ അതില്‍ നാം സംതൃപ്തരായിരിക്കണം. മറ്റൊന്നും കാര്യമാക്കേണ്ടതില്ല. ദോഹ ഡയമണ്ട് ലീഗിനിടെ താന്‍ ഇന്ത്യയില്‍ എത്രമാത്രം പ്രസിദ്ധനെന്ന് ചോദ്യമുയര്‍ന്നു. ഒരിക്കലും തന്നെ വിരാട് കോഹ്‌ലിയുമായോ എം എസ് ധോണിയുമായോ താരതമ്യപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ താന്‍ എത്രമാത്രം പ്രസിദ്ധനെന്ന് തനിക്ക് അറിയാമെന്നും നീരജ് പറഞ്ഞു.
ടോക്കിയോ ഒളിംപിക്‌സിന് ശേഷം തന്നെ ആളുകള്‍ അറിയും. എന്നാല്‍ ക്രിക്കറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ തന്റെ പ്രസിദ്ധിക്ക് കുറവുണ്ട്. ക്രിക്കറ്റ് രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രചാരത്തിലുള്ള ഒരു വിനോദമാണ്. എന്നാല്‍ ആരും ക്രിക്കറ്റ് കളിക്കുന്നതുപോലെ ജാവലിന്‍ പരിശീലിക്കാറില്ല. തന്റെ വിനോദം ഏതെങ്കിലും കുറുക്കുവഴികളിലൂടെ പ്രചാരം നേടേണ്ടതല്ല. പകരം കഠിനാദ്ധ്വാനത്തിലൂടെ ജാവലിന് പ്രചാരം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നീരജ് ചോപ്ര വ്യക്തമാക്കി.