രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ നക്സല്‍ ബന്ധമുള്ള സംഘടനകള്‍ പങ്കെടുത്തു: ദേവേന്ദ്ര ഫഡ്നാവിസ്
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നക്സല്‍ ബന്ധമുള്ള സംഘടനകള്‍ പങ്കെടുത്തെന്ന് ആരോപണവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അര്‍ബന്‍ നക്സലുകളെ പ്രത്സാഹിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എന്നാല്‍ ഫഡ്നാവിസിനെ വിമര്‍ശിച്ച് രംഗത്ത് വന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ തെളിവുകള്‍ പുറത്ത് വിടാന്‍ വെല്ലുവിളിച്ചു.
നിയമസഭയില്‍ സംസാരിക്കവെയാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. രാജ്യം നക്സല്‍ മുക്തമാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി അര്‍ബന്‍ നക്സലുകളെ പ്രോത്സാഹിപ്പിക്കുകയാണ്. ഭാരത് ജോഡോ യാത്രയില്‍ നക്സല്‍ ബന്ധമുള്ള നിരവധി സംഘടനകള്‍ പങ്കെടുത്തു. ഇതേ സംഘടനകള്‍ നവംബര്‍ 15ന് നേപ്പാളിലെ കാഡ്മണ്ഡുവില്‍ യോഗം ചേര്‍ന്നിരുന്നു. ബിജെപി സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള പദ്ധതിയുണ്ടാക്കുകയായിരുന്നു അജണ്ട.
ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ വിവര ശേഖരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫഡ്നാവിസിന്റെ വാദങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ തെളിവുകള്‍ പുറത്ത് വിടാന്‍ വെല്ലുവിളിച്ചു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവന് നല്‍കിയവാണ്. രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചത്. നക്സല്‍ ബന്ധമുള്ള ഏതൊക്കെ സംഘടനങ്ങളാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതെന്ന് പറയാന്‍ ഫഡ്നാവിസിനെ അദ്ദേഹം വെല്ലുവിളിച്ചു.