നരേന്ദ്ര ധബോൽക്കർ വധക്കേസ്; രണ്ട് പ്രതികൾക്ക് ജീവപര്യന്തം, മൂന്ന് പേരെ വെറുതെ വിട്ടു

നരേന്ദ്ര ധബോൽക്കർ വധക്കേസ്; രണ്ട് പ്രതികൾക്ക് ജീവപര്യന്തം, മൂന്ന് പേരെ വെറുതെ വിട്ടു

പൂനെ: സാമൂഹ്യ പ്രവർത്തകൻ നരേന്ദ്ര ധബോൽക്കർ വധക്കേസിൽ രണ്ട് പേർക്ക് ജീവപര്യന്തം. അഞ്ച് പ്രതികളുള്ള കേസിൽ മൂന്ന് പേരെ വെറുതെ വിട്ടു. പൂനെയിലെ യു.എ.പി.എ കേസുകൾക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2013 ആഗസ്​റ്റ്​ 20നാണ്​ നരേന്ദ്ര ധബോൽക്കറെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ചുകൊന്നത്​. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ ​ധബോൽക്കർ മഹാരാഷ്​ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപകനായിരുന്നു. അന്ധവിശ്വാസത്തിനെതിരായ ധബോൽക്കറുടെ പ്രവർത്തനങ്ങളെ പ്രതികൾ എതിർത്തിരുന്നുവെന്ന് പ്രോസിക്യൂഷൻ അന്തിമ വാദത്തിൽ വ്യക്തമാക്കിയിരുന്നു.

പൂനെ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് സി.ബി.ഐ 2014ൽ അന്വേഷണം ഏറ്റെടുക്കുകയും ഹിന്ദു വലതുപക്ഷ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധമുള്ള ഇ.എൻ.ടി സർജൻ ഡോ. വീരേന്ദ്രസിങ് തവാഡെയെ 2016 ജൂണിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളാണ് തവാഡെയെന്ന് പ്രോസിക്യൂഷൻ പറയുന്നു. തവാഡെയ്ക്കും മറ്റ് ചില പ്രതികൾക്കും ബന്ധമുള്ള സനാതൻ സൻസ്ത, ധബോൽക്കറുടെ സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ എതിർത്തിരുന്നു.

സാരംഗ് അകോൽക്കർ, വിനയ് പവാർ എന്നിവരെയാണ് സി.ബി.ഐയുടെ കുറ്റപത്രത്തിൽ ഷൂട്ടർമാർ എന്ന് ആദ്യം പരാമർശിച്ചത്. എന്നാൽ പിന്നീട് സച്ചിൻ അന്ദുരെയെയും ശരദ് കലാസ്‌കറെയും അറസ്റ്റ് ചെയ്യുകയും അവർ ധബോൽക്കറെ വെടിവെച്ചുകൊന്നതായി അനുബന്ധ കുറ്റപത്രത്തിൽ അവകാശപ്പെടുകയും ചെയ്തു. തുടർന്ന് അഭിഭാഷകരായ സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ധബോൽക്കറുടെ കൊലപാതകത്തിന് ശേഷം അടുത്ത നാല് വർഷത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ (കൊലാപ്പൂർ, ഫെബ്രുവരി 2015), കന്നഡ പണ്ഡിതനും എഴുത്തുകാരനുമായ എം.എം കൽബുർഗി (ധാർവാഡ്, ഓഗസ്റ്റ് 2015), മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് (ബംഗളൂരു, സെപ്റ്റംബർ 2017) എന്നീ മറ്റ് മൂന്ന് യുക്തിവാദി/ആക്ടിവിസ്റ്റ് കൊലപാതകങ്ങൾ നടന്നു. ഈ കേസുകളിലെ പ്രതികൾക്ക് പരസ്പര ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )