എംആർ അജിത് കുമാറിന് തിരിച്ചടി! ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ

എംആർ അജിത് കുമാറിന് തിരിച്ചടി! ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ

എംആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍. റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടര്‍ മടക്കി അയച്ചു. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും നിര്‍ദ്ദേശം നല്‍കി. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു വിജിലന്‍സ് റി?പ്പോര്‍ട്ട്.

അനധികൃത സ്വന്ത് സമ്പാദന കേസുള്‍പ്പെടെയുള്ള പരാതികളിലാണ് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചത്. ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പ്രധാനമായും ഉയര്‍ന്നിരുന്നത് നാല് ആരോപണങ്ങളായിരുന്നു. അജിത് കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും വിജിലന്‍സ് പറയുന്നു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് അനുകൂലമായ കണ്ടെത്തല്‍. കുറവന്‍ കോണത്തെ ഫ്‌ലാറ്റ് ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കവടിയാറിലെ വീട് നിര്‍മാണം ബാങ്ക് വായ്പയെടുത്താണെന്നും വിജിലന്‍സ് കണ്ടെത്തി. വീട് നിര്‍മാണം സ്വത്ത്‌വിവരണപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ് പറയുന്നു. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്ലീന്‍ചിറ്റ് നല്‍കിയത്. ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലന്‍സ്. പ്രധാനമായും ഉയര്‍ന്നത് നാല് ആരോപണങ്ങളാണ്.

കോടികള്‍ മുടക്കി കവടിയാര്‍ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. താഴത്തെ കാര്‍ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടം. എന്നാല്‍ എസ് ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിര്‍മാണമെന്നാണ് കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ് പറയുന്നു. കുറുവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി മറിച്ചു വിറ്റു എന്ന ആരോപണവും വിജിലന്‍സ് തള്ളി. എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്റെ വിലയില്‍ ഉണ്ടായതെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലന്‍സ്. കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം എംആര്‍ അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )