പാനൂർ ബോംബ് സ്‌ഫോടനം; ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും

പാനൂർ ബോംബ് സ്‌ഫോടനം; ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും

കണ്ണൂർ: കണ്ണൂർ പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം അനുഭാവി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. സ്‌ഫോടനത്തിൽ നിസ്സാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ അറസ്റ്റിലായ നാല് പേരെ ഇന്ന് ഉച്ചയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. സ്‌ഫോടന സമയത്ത് സ്ഥലത്ത് 10 പേരുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പാനൂർ ബോംബ് സ്‌ഫോടനം പ്രതിപക്ഷം ആയുധമായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ക്രമസമാധാനം വഷളാക്കാൻ സി.പി.എം പാർട്ടി പ്രവർത്തകരെക്കൊണ്ട് ബോംബ് നിർമിക്കുകയാണെന്ന ആക്ഷേപവുമായാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ രംഗത്തുവന്നത്. വടകര മണ്ഡലത്തിലാകട്ടെ, യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സമാധാന സന്ദേശ റാലിയും നടന്നു. ഇതിന് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാന വ്യാപക പരിശോധനയും തുടർന്ന് സ്വയം വിമർശനവുമായി കേരളാ പൊലീസ് രംഗത്തെത്തി.

 ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ടത്. കണ്ണൂരിലെ ക്രമസമാധാനനില ചർച്ച ചെയ്യാൻ ഡി.ഐ.ജി മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗവും എ.ഡി.ജി.പി വിളിച്ചുചേർത്തു. ഇത് വിഷയത്തിന്റെ തീവ്രത കുറയ്ക്കുമെന്നും പ്രതിപക്ഷ ആരോപണങ്ങളെ തണുപ്പിക്കുമെന്നുമാണ് സർക്കാർ വിലയിരുത്തൽ. ക്രമസമാധാന നിലയിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്ക് ഇടകൊടുക്കില്ലെന്ന സന്ദേശമാണ് ഇതുവഴി പ്രചരിപ്പിക്കാൻ പൊലീസ് ഉദ്ദേശിച്ചത്. അതുകൊണ്ടാണ് പതിവില്ലാത്ത വിധം കേന്ദ്ര ഏജൻസികളുടെ സാധ്യത പോലും തള്ളാതെയുള്ള സർക്കുലറുമായി എ.ഡി.ജി.പിയുടെ വരവ്.

ആവശ്യമെങ്കിൽ എൻ.എസ്.ജിയുടെയും എൻ.ഐ.എയുടെയും സേവനം വരെ ആവശ്യപ്പെടാമെന്നാണ് എ.ഡി.ജി.പി പറയുന്നത്. ഇത് അന്വേഷണത്തിൽ ഒരുതരത്തിലുമുള്ള അലംഭാവം സർക്കാർ കാണിക്കുന്നില്ലെന്ന് വ്യക്തമാക്കാൻ ഉപകരിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാന വ്യാപക പരിശോധന കൂടി നടത്തി കാര്യക്ഷമത തെളിയിക്കാനായാൽ വിഷയം കെട്ടടങ്ങുമെന്നും ആഭ്യന്തര വകുപ്പ് കണക്കുകൂട്ടുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )