മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ.ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തു
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന് കെ ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുത്തു. സസ്പെന്‍ഡ് ചെയ്തു 2 മാസം പോലും തികയുന്നതിനു മുന്‍പാണ് സര്‍ക്കാരിന്റെ അതിവേഗ നടപടി. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് സസ്പെന്ഷന് പിന്‍വലിച്ചത്. വകുപ്പ് തല അന്വേഷണത്തില്‍ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാന്‍ ആയില്ലെന്നാണ് കണ്ടെത്തല്‍.
ഐഎഎസ് തലപ്പത്ത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായതാണ് മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്. ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതായിരുന്നു സംഭവം. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് ഐഎഎസായിരുന്നു ഗ്രൂപ്പ് അഡ്മിന്. വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് തന്റെ അറിവോടെയല്ലെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നും ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണന് സൈബര്‍ പൊലീസില്‍ അടക്കം പരാതി നല്കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗോപാലകൃഷ്ണന് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായി കണ്ടെത്തി. ഇതിന് പുറമേ മെറ്റ നല്കിയ റിപ്പോര്‍ട്ടില്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നും വ്യക്തമായി. സംഭവത്തില്‍ അസ്വാഭാവികമായി പലതും സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ഗോപാലകൃഷ്ണനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.