തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നില്‍ പ്രധാനമായും കോണ്‍ഗ്രസാണെന്ന് സി.പി.എം
തിരുവനന്തപുരം; തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നില്‍ പ്രധാനമായും കോണ്‍ഗ്രസാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എന്നാല്‍, സി.പി.എമ്മിന്റെ വോട്ടുകളും സുരേഷ് ഗോപിക്ക് പോയിട്ടുണ്ടെന്ന കാര്യം മറച്ചുവെക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ പി.കൃഷ്ണപിള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യ ശത്രുവായ ബി.ജെ.പി.യെ തോല്‍പ്പിക്കാനായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം. ആഹ്വാനംചെയ്തത്. 80 ശതമാനം വോട്ടര്‍മാരും ബി.ജെ.പി.ക്കെതിരേ വോട്ട് ചെയ്തു. ഇതില്‍ 33 ശതമാനം വോട്ടുകളേ എല്‍.ഡി.എഫിന് ലഭിച്ചിട്ടുള്ളൂ. ബി.ജെ.പി.യെ അവസാനിപ്പിക്കാന്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ കൂടുതല്‍ നല്ലത് കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയാണെന്ന് മതനിരപേക്ഷവാദികളും ന്യൂനപക്ഷങ്ങളും കരുതി- അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം എം.കൃഷ്ണദാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, കെ.വി. അബ്ദുള്‍ ഖാദര്‍, സി. സുമേഷ്, എം.എന്‍. സത്യന്‍, ടി.ടി. ശിവദാസ്, എന്‍.കെ. അക്ബര്‍ എം.എല്‍.എ., ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഷീജാ പ്രശാന്ത്, കെ.ആര്‍. സൂരജ് എന്നിവര്‍ പ്രസംഗിച്ചു.