വെന്തുരുകി ലോസ് ആഞ്ചൽസ്; കാട്ടുതീയിൽ നഷ്ടം 22 ലക്ഷം കോടി രൂപ
വാഷിങ്ടൺ: അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ അതിസമ്പന്ന മേഖലകളെ ചാരമാക്കി പടരുന്ന കാട്ടുതീ ഇതിനകം 25,000 കോടി ഡോളറിന്റെ (ഏകദേശം 22 ലക്ഷം കോടി രൂപ) നഷ്ടം ഉണ്ടാക്കിയതായി റിപ്പോർട്ട്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന സാമ്പത്തിക ബാധ്യത സൃഷ്ടിച്ച അഗ്നിബാധയാകും ഇത് എന്നതിൽ സംശയമൊന്നുമില്ല.
ആളിപ്പടർന്നുകൊണ്ടിരിക്കുന്ന കാട്ടുതീയിൽ 24 പേർ ഇതിനകം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 40,000 ഏക്കർ ഭൂമി കത്തിയമർന്നു. 12,300ലേറെ കെട്ടിടങ്ങളും നശിച്ചു. അഞ്ചിടത്ത് പടർന്ന തീ മൂന്നു മേഖലകളിൽ ഇപ്പോഴും സജീവമായി തുടരുകയാണ്. അതിസമ്പന്നർ വസിക്കുന്ന പാലിസേഡ്സ് മേഖലയിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്. ഇവിടെ മാത്രം 23,000ത്തിലേറെ ഏക്കറാണ് അഗ്നി വിഴുങ്ങിയത്.
മഹാദുരന്തമായി മാറി ഒരു സംസ്ഥാനത്തെ ഒന്നാകെ കത്തിച്ചാമ്പലാക്കുന്ന കാട്ടുതീയെ അണക്കാൻ കഴിയാതെ അമേരിക്ക. കാറ്റ് രൂക്ഷമാകുമെന്ന മുന്നറിയിപ്പിനിടെ ലോസ് ആഞ്ചൽസിൽ കാട്ടുതീ അണക്കാൻ ഊർജിത ശ്രമങ്ങൾ തുടരുകയാണ്. അതേസമയം ആളിപ്പടരുന്ന കാട്ടുതീയെത്തുടർന്ന് സംസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകി. അതേസമയം പ്രദേശത്തെ ഒന്നാകെ മൂടികളഞ്ഞ ചാരത്തിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ വീടിനകത്തുതന്നെ കഴിയാൻ പ്രദേശവാസികളോട് അധികൃതർ നിർദേശിച്ചു.