കളർകോട് വാഹനാപകടം; പരുക്കേറ്റ ആൽവിന്റെ നില അതീവഗുരുതരം, എറണാകുളത്തേക്ക് മാറ്റി
ആലപ്പുഴയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആല്‍വിന്‍ ജോര്‍ജിന്റെ നില അതീവഗുരുതരമെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര ക്ഷതമേറ്റ ആല്‍വിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. ഒരു ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് 6 വിദ്യാര്‍ത്ഥികളാണ്.
തിങ്കളാഴ്ച രാത്രി 9 .20ന് ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്കിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ മെഡിക്കല്‍ കോളജിലെ 5 എംബിബിഎസ് ഒന്നാം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് കണ്ണിരോടെയാണ് ഇന്നലെ വിടനല്‍കിയത്. മരിച്ച ആയുഷ് ഷാജിയുടേയും ബി ദേവനന്ദന്റെയും സംസ്‌കാരം ഇന്നാണ് നടക്കുക.ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു.
അതേസമയം, അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേര്‍ യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ടവേര വാഹനം ഓടിച്ചയാള്‍ക്ക് ലൈലന്‍സ് നേടി 5 മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടര്‍ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.