കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നു; ഏഴു വർഷത്തോളമായി സർക്കാർ ആശുപത്രികളില്‍ വാക്സിന് നല്‍കുന്നില്ല
സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് (മംപ്സ്) രോഗം വ്യാപകമാകുന്നു. ഈ വര്‍ഷം മാത്രം സർക്കാർ ആശുപത്രികളില്‍ മാത്രം 15,000 കേസുകള്‍ (ഓഗസ്റ്റ്വരെ) റിപ്പോര്‍ട്ട് ചെയ്തു. ദിനംപ്രതിയുള്ള കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്.
ദേശീയ പ്രതിരോധകുത്തിവയ്പ് പദ്ധതിപ്രകാരം ഏഴു വർഷത്തോളമായി സർക്കാർ ആശുപത്രികളില്‍ മുണ്ടിനീരിനു വാക്സിന് നല്‍കുന്നില്ല. 2016-2017 കാലയളവിനുശേഷം ജനിച്ച കുട്ടികള്‍ക്ക് എംഎംആര്‍ (മംപ്സ്, മീസില്‍സ്, റുബല്ല) വാക്സിന് പകരം ഇപ്പോള്‍ എംആര്‍ വാക്സിനാണു (മീസില്‍സ്, റുബല്ല) സര്‍ക്കാര്‍ സംവിധാനം വഴി നല്‍കുന്നത്. ഇതില്‍ മുണ്ടിനീരിനുള്ള വാക്സിൻ (മംപ്സ്) ഒഴിവാക്കി. പ്രതിരോധ കുത്തിവയ്പ് കിട്ടാത്തതാണ് പകര്‍ച്ചവ്യാധി വ്യാപനത്തിന്നു കാരണമെന്നാണു ഡോക്ടർമാർ പറയുന്നത്. വാക്സിൻ പുനഃസ്ഥാപിക്കണമെന്നാണു ഡോക്ടർമാരുടെ ആവശ്യം.
ദിനംപ്രതി മുണ്ടിനീരുമായി ബന്ധപ്പെട്ട് പത്തു കേസുകളെങ്കിലും വരുന്നുണ്ടെന്നും 2017നു ശേഷം ജനിച്ച കുട്ടികളിലാണു മുണ്ടിനീര് കൂടുതലായും കണ്ടുവരുന്നതെന്നും ശിശുരോഗ വിദഗ്ധർ പറഞ്ഞു. സർക്കാർ വാക്സിനേഷൻ നിർത്തലാക്കിയ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സ്വകാര്യആശുപത്രികളില്‍ വാക്സിൻ ലഭ്യമാണ്.
♦️ശ്രദ്ധിക്കണം
പാരമിക്സൊ വൈറസാണു മുണ്ടിനീരിന്റെ രോഗാണു. വായുവിലൂടെ പകരും. രോഗം ഉമിനീര് ഗ്രന്ഥികളെയാണു പ്രധാനമായും ബാധിക്കുന്നത്. ഗ്രന്ഥികളില്‍ വീക്കം കാണുന്നതിനു തൊട്ടുമുമ്പും വീങ്ങിയശേഷം ആറുദിവസംവരെയുമാണ് രോഗം പകരുക. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധ തലച്ചോര്‍, വൃഷണം, അണ്ഡാശയം, പാന്‍ക്രിയാസ് ഗ്രന്ഥി എന്നിവയെ ബാധിക്കാം. കേള്‍വിത്തകരാറിനും ഭാവിയില്‍ പ്രത്യുത്പാദന തകരാറുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ച് എന്‍സഫലൈറ്റിസ് വരാമെന്നും ഡോക്ടർമാർ.