കൂടത്തായി കേസ് ;ഒരു സാക്ഷി കൂടി കൂറുമാറി
കോഴിക്കോട് കൂടത്തായി കേസ് ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരന്റെ ഭാര്യ കൂറുമാറി. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി.കേസിലെ അറുപതാം സാക്ഷിയും സ്വർണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യയുമായ ശരണ്യയാണ് കോടതിയിൽ പ്രതികൾക്കനുകൂലമായി കൂറുമാറിയത്.താമരശ്ശേരിയിലെ പ്രജി കുമാറിന്റെ ദൃശ്യകല ജൂവലറിയിൽ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നുമായിരുന്നു ശരണ്യ നേരത്തെ മൊഴി നൽകിയിരുന്നത് .
കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്ത കളിൽ നിറയുന്നത് . റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണമായിരുന്നു കൊലപാതകത്തിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെയായിരുന്നു അന്നമ്മ കുഴഞ്ഞു വീണ് മരിക്കുന്നത് . തുടർന്ന് അന്നമ്മയുടെ ഭർത്താവ് ടോം തോമസിന്റെയും മകൻ റോയ് തോമസിന്റെയും മരണവും അതെ സാഹചര്യത്തിൽതന്നെയായിരുന്നു .പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി തുടങ്ങിയവരും മരിച്ചു . ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ടാണ് പിന്നീട് കേസിനു വഴിത്തിരിവായത് ,ഇതെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളും കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത് .