സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും
ഡല്‍ഹി: ആംആദ്മി എംപി സ്വാതി മാലിവാളിനെതിരെ അതിക്രമം നടന്നെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കെജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്നാണ് സ്വാതി ഉയര്‍ത്തുന്ന ആരോപണം. അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ തയ്യാറായില്ലെങ്കിലും എഎപി നേതാവ് സഞ്ജയ് സിങ് സംഭവത്തോട് പ്രതികരിച്ചു. വിഷയത്തില്‍ രാഷ്ട്രീയക്കളി നടത്തരുതെന്നായിരുന്നു സഞ്ജയ്യുടെ പ്രതികരണം.
സ്വാതിയുടെ ആരോപണത്തില്‍ അന്വേഷിക്കാന്‍ ആംആദ്മി പാര്‍ട്ടി ആഭ്യന്തരസമിതി രൂപീകരിക്കും. സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ സ്വാതിയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വച്ച് മുഖ്യമന്ത്രിയുടെ പിഎ തന്നെ മര്‍ദ്ദിച്ചെന്നാണ് സ്വാതി ആരോപിക്കുന്നത്. സഹായം തേടി സ്വാതി ദില്ലി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തതായി സ്ഥിരീകരികരണം വന്നിട്ടുണ്ട്.
കെജ്‌രിവാളിന്റെ വസതിയില്‍ നിന്ന് മെയ് 13ന് രണ്ട് ഫോണ്‍ കോള്‍ വന്നുവെന്ന് ഡെല്‍ഹി പൊലീസ് വ്യക്തമാക്കി. സ്വാതി മലിവാളെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തനിക്ക് നേരെ ബിപ്ലവ് കുമാര്‍ ആക്രമണം നടത്തിയെന്ന് അറിയിച്ചതെന്നും ഡല്‍ഹി പൊലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യം സ്വാതി സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, സ്വാതി മലിവാള്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
എന്നാല്‍ അതിക്രമം സജീവ ചര്‍ച്ചയാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. വൈഭവ് കുമാറിനെതിരെ നടപടി എടുക്കാത്ത പശ്ചാത്തലത്തില്‍ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനാണ് തീരുമാനം. അതേസമയം വൈഭവിന് എതിരെ നടപടി എടുക്കുന്നതില്‍ എഎപിയിലെ ഒരു വിഭാഗം എതിരാണ്.