ഒരു കുടുംബമെങ്ങനെയാണ് ഹോമോസെക്ഷ്വല്‍ മനുഷ്യരെ തളച്ചിടുന്നതെന്നതിന്റെ ഉദാഹരണം; ചലച്ചിത്ര പുരസ്‌കാര നിറവില്‍ കാതല്‍

ഒരു കുടുംബമെങ്ങനെയാണ് ഹോമോസെക്ഷ്വല്‍ മനുഷ്യരെ തളച്ചിടുന്നതെന്നതിന്റെ ഉദാഹരണം; ചലച്ചിത്ര പുരസ്‌കാര നിറവില്‍ കാതല്‍

ജിയോ ബേബിയുടെ കാതലിന് മുമ്പ് തന്നെ സ്വവര്‍ഗാനുരാഗം മലയാള സിനിമകളില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചുകൊണ്ട് ഗേ പ്രണയവും അവര്‍ അനുഭവിക്കുന്ന ആന്തരിക-ബാഹ്യ സംഘര്‍ഷങ്ങളെയും പൊതു മധ്യത്തില്‍ ചര്‍ച്ചയാക്കാന്‍ കാതലിന് കഴിഞ്ഞു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം, തങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോടിനുള്ള പ്രത്യേക ജൂറി പരാമര്‍ശം, മാത്യൂസ് പുളിക്കലിനുള്ള മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചതോടെ ചിത്രം കൈകാര്യം ചെയ്ത വിഷയത്തിനും, അതേച്ചൊല്ലിയുള്ള വിവാദ പരാമര്ശങ്ങള്ക്കും മറുപടിയായി മാറിയിരിക്കുകയാണ്.

ഇപ്പോള്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുന്നതിലൂടെ സിനിമയും സിനിമയുടെ പ്രമേയവും ഒരിക്കല്‍ കൂടി അംഗീകരിക്കപ്പെടുകയാണിപ്പോള്‍. പുരുഷ സങ്കല്‍പ്പങ്ങളുടെയും പ്രതീകമായ പല കഥാപാത്രങ്ങളും മലയാളികളിലേക്കെത്തിയത് മമ്മൂട്ടിയിലൂടെയാണ്. അതില്‍ നിന്നും മാറി ഒരു പുതിയ പരീക്ഷണത്തിലേക്ക് ചുവട് മാറ്റിയതോടെ മലയാളത്തിന് ലഭിച്ചത് മികച്ച കഥാപാത്രം മാത്രമായിരുന്നില്ല, മികച്ച സിനിമ കൂടിയാണ്.

സ്വവര്‍ഗ പ്രണയം ചര്‍ച്ച ചെയ്യുമ്പോള്‍ വ്യക്തികളിലേക്ക് മാത്രം ഒതുങ്ങുന്നതില്‍ നിന്നും ആ വ്യക്തികളോടൊപ്പം അവരോടൊപ്പം ജീവിക്കുന്ന പങ്കാളികളെയും ഇത് എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ വ്യക്തമായ ചിത്രമായിരുന്നു സിനിമ പ്രേക്ഷകര്‍ക്ക് നല്‍കിയത്. ഒരു കുടുംബമെങ്ങനെയാണ് ഹോമോസെക്ഷ്വല്‍ മനുഷ്യരെ തളച്ചിടുന്നതെന്നതിന്റെ ഉദാഹരണവും കാതല്‍ മുന്നോട്ട് വെക്കുകയായിരുന്നു. ദാമ്പത്യ ജീവിതത്തില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്‌നങ്ങളെ പങ്കാളിയായ ജ്യോതിക കൈകാര്യം ചെയ്ത രീതിയും വളരെ മനോഹരമായിരുന്നു. ഇന്നത്തെ സമൂഹത്തില്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെ ജിയോ ബേബി മികച്ച ചലച്ചിത്രമാക്കി മാറ്റുകയായിരുന്നു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )