നവീന്‍ ബാബു തെറ്റ് പറ്റിയെന്ന് പറഞ്ഞിരുന്നു; ദിവ്യയുടെ മൊഴി ശരിവെച്ച് കണ്ണൂര്‍ കലക്ടര്‍
കണ്ണൂര്‍: ചടങ്ങ് കഴിഞ്ഞ ശേഷം നവീന്‍ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി തള്ളാതെ കളക്ടര്‍ അരുണ്‍ കെ വിജയന്‍. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യം ചെയ്യലിനിടെ കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതല്‍ക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്.
അതേസമയം, പി പി ദിവ്യയെ കോടതി റിമാന്‍ഡ് ചെയ്തതോടെ സിപിഐഎം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്. തരം താഴ്ത്തലോ സസ്‌പെന്‍ഷന്‍ നടപടിയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും.
അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പുരോഗമിക്കുമ്പോഴും പാര്‍ട്ടി രഹസ്യമായി ദിവ്യയെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തതോടെ പാര്‍ട്ടിയും ദിവ്യയെ കൈവിട്ടേക്കും. സമ്മേളന കാലയളവില്‍ അച്ചടക്കനടപടികള്‍ സ്വാഭാവികമല്ലെങ്കിലും അസാധാരണ സാഹചര്യം പരിഗണിച്ചായിരിക്കും തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയെയും ജില്ലാ കമ്മിറ്റിയെയും അറിയിച്ചതിനു ശേഷം പ്രഖ്യാപിക്കാനാണ് സാധ്യത.