കാനം രാജേന്ദ്രന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം

കാനം രാജേന്ദ്രന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം. കേരള രാഷ്ട്രീയം ഗൗരവത്തോടെ കാതോര്‍ത്തിരുന്ന വാക്കുകളായിരുന്നു കാനം രാജേന്ദ്രന്റേത്. അപ്രതീക്ഷിതമായിരുന്നു കാനം രാജേന്ദ്രന്റെ വിയോഗം. നിലപാടുകളിലെ കണിശതകൊണ്ട് കേരള രാഷ്ട്രീയത്തില്‍ തന്റേതായ ഇരിപ്പിടം നേടിയേടുത്ത നേതാവ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ സഖാവ്. വ്യക്തവും കൃത്യവുമായിരുന്നു കാനം രാജേന്ദ്രന്റെ തീരുമാനങ്ങള്‍. പത്തൊന്‍പതാം വയസ്സില്‍ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയായി തുടങ്ങിയ സംഘടനാ ജീവിതം. പ്രായം ഇരിപത്തിയൊന്നിലെത്തിയപ്പോള്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍. എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറി. ശേഷം മൂന്നു വട്ടം തുടര്‍ച്ചയായി സിപിഐ സംസ്ഥാന സെക്രട്ടറി.

1982ല്‍ വാഴൂരില്‍ നിന്ന് നിയമസഭയില്‍ എത്തുമ്പോള്‍ പ്രായം 32. 1987ലും അതേ മണ്ഡലത്തില്‍ നിന്നു തുടര്‍ ജയം. പാര്‍ലമെന്ററി രംഗമായിരുന്നില്ല കാനം രാജേന്ദ്രന്റെ തട്ടകം. എഐടിയിസി കെട്ടിപ്പടുക്കുന്നതില്‍ കാനം വഹിച്ച പങ്ക് അത്രമേല്‍ വലുത്. കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയം, പിളര്‍പ്പിന് ശേഷം സിപിഐയുടെ മികച്ച കാലഘട്ടമായി അടയാളപ്പെടുത്തപ്പെട്ടു.

തെറ്റ് തെറ്റാണെന്ന് വിളിച്ചുപറയാന്‍ മടിതീരയില്ലാതിരുന്ന സഖാവ്. ആ ശീലം ഇടതുമുന്നണിയില്‍ പോലും ചലനങ്ങള്‍ സൃഷ്ടിച്ചു. അതിരപ്പിള്ളി മുതല്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ വരെ. പലതവണ കേരളം ആ നിലപാടിന്റെ ചൂടറിഞ്ഞു. ഭരണപക്ഷത്തിരുന്ന് ക്രിയാത്മക വിമര്‍ശനത്തിന്റെ വക്താവായി കാനം മാറി. തിരുത്തല്‍ ശക്തിയെന്ന് രാഷ്ട്രീയ കേരളം പേരുചൊല്ലി വിളിച്ചു. 2023 ഡിസംബര്‍ എട്ടിന് കാനം രാജേന്ദ്രന്‍ ചെങ്കൊടി തണലില്‍ നിന്ന് എന്നന്നേക്കുമായി യാത്രയായി. സഖാവിന് ട്വന്റിഫോറിന്റെ സ്നേഹാഞ്ജലികള്‍.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )