കോയമ്പത്തൂരിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം; നാല് പേർ അറസ്റ്റിൽ

കോയമ്പത്തൂരിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം; നാല് പേർ അറസ്റ്റിൽ

കൊച്ചി: കോയമ്പത്തൂരിൽ മലയാളി യാത്രക്കാർക്കുനേരെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാർ അടിച്ചു തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാൾസ് റജിയും 2 സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്. മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം.

ബെംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു യുവാക്കൾ. റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം. അക്രമികൾ ഉപദ്രവിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് യുവാക്കൾ പറഞ്ഞു. തുടർന്ന് ചെക്പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി പരാതി നൽകി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾ ഒളിവിലാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )