കലൂര്‍ നൃത്തപരിപാടി; ജി.സി.ഡി.എക്ക് നോട്ടീസ് നല്‍കി പോലീസ്
കൊച്ചി: എംഎല്‍എ ഉമാ തോമസ് വീണ് ഗുരുതര പരിക്ക് സംഭവിക്കാനിടയായ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടി ഏറെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഈ പരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ ജി.സി.ഡി.എക്ക്(ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്മെന്റ് അതോറിറ്റി) നോട്ടീസ് നല്‍കി പോലീസ്. നൃത്തപരിപാടിക്ക് മുമ്പ് സ്റ്റേജ് പരിശോധിക്കേണ്ടത് ജി.സി.ഡി.എ എന്‍ജിനിയറിംഗ് വിഭാഗമാണ്. എന്നാല്‍ പരിപാടിക്ക് മുമ്പായി ജി.സി.ഡി.എ സ്റ്റേഡിയം പരിശോധിച്ചോയെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജി.സി.ഡി.എ സെക്രട്ടറിക്കാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പരിപാടിക്ക് മുമ്പായി ജി.സി.ഡി.എ എന്‍ജിനിയറിംഗ് വിഭാഗം പരിശോധന നടത്തിയെന്നും ഉദ്ഘാടനം നടത്തുന്നതിന് വേണ്ടി മാത്രമുള്ള ചെറിയ സ്റ്റേജ് ആണെന്ന് മാത്രമാണ് സംഘാടകര്‍ പറഞ്ഞതെന്നുമാണ് ജി.സി.ഡി.എ ചെയര്‍മാന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പോലീസിന് കൈമാറണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ അപകടത്തിന് ശേഷം പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയില്‍ ഉമ തോമസ് വീണ സ്റ്റേജിന്റെ ഭാഗം പുല്‍ത്തകിടിയിലേക്ക് ചരിഞ്ഞാണ് ഇരിക്കുന്നതെന്നും പറയുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ജി.സി.ഡി.എ സൈറ്റ് എന്‍ജിനിയര്‍ കൂടി മറുപടി പറയേണ്ടി വരുന്നത്.
നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗവിഷനും ജി.സി.ഡി.എയും തമ്മിലുള്ള കരാറിലെ നാലാമത്തെ ഇനമായി പരിപാടിക്ക് മുമ്പായി ജി.സി.ഡി.എ എന്‍ജിനിയറിംഗ് വിഭാഗം സ്റ്റേഡിയം പരിശോധന നടത്തണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ പരിപാടിക്ക് മുമ്പായി ജി.സി.ഡി.എ പരിശോധന നടത്തുകയും താത്കാലികമായി തട്ടിക്കൂട്ടിയ സ്റ്റേജ് പൊളിച്ചുമാറ്റുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്നതാണ് പോലീസ് ഉയര്‍ത്തുന്ന ചോദ്യം.