നന്തന്‍കോട് കൂട്ടക്കൊല ;കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് മാനസിക പ്രാപ്തിയുണ്ടെന്ന് ഡോക്ടര്‍മാര്‍; കുറ്റപത്രം ഇന്ന് വായിക്കും

നന്തന്‍കോട് കൂട്ടക്കൊല ;കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് മാനസിക പ്രാപ്തിയുണ്ടെന്ന് ഡോക്ടര്‍മാര്‍; കുറ്റപത്രം ഇന്ന് വായിക്കും

തിരുവനന്തപുരം: തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊല കേസില്‍ കുറ്റപത്രം ഇന്ന് വായിക്കും. വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി മുഖ്യപ്രതി കേഡല്‍ ജിന്‍സണ്‍ രാജയക്ക് ഉണ്ടെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കുറ്റപത്രം വായിക്കാന്‍ കോടതി നിശ്ചയിച്ചത്. ഇതു സംബന്ധിച്ച ആരോഗ്യ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേഡലിനെതിരേ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2017 ഏപ്രില്‍ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും പ്രതി കേഡല്‍ ജിന്‍സണ്‍ രാജ ദാരുണമായി കൊല്ലപ്പെടുത്തുകയായിരുന്നു.

ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (26), ജീനിന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. കേഡല്‍ ജിന്‍സന്‍ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നാണു പൊലീസ് പറയുന്നത്. ആത്മാവ് ശരീരത്തില്‍നിന്ന് വേര്‍പിരിയ്ക്കുന്ന ആസ്ട്രല്‍ പ്രോജക്ഷന്റെ ഭാഗമായാണ് താന്‍ ഈ കൊലപാതകങ്ങള്‍ ചെയ്തത് എന്നാണ് കേഡല്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )