സര്‍വ്വത്ര പരാജയം…സന്ദീപ് മുതല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വരെ പ്രശ്‌നം; കെ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പലാക്കാടേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്. കൃഷ്ണദാസ് പക്ഷം ഉള്‍പ്പടെ നേതൃത്വത്തിന്റെ വീഴ്ചയ്ക്കെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണം മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സന്ദീപ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത് വരെ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിമര്‍ശനം.
പാലക്കാട് സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കിവിട്ടതിന് പിന്നിലും ഔദ്യോഗിക പക്ഷത്തിന്റെ കടുംപിടുത്തമാണെന്നും വിമര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
തിരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര കോര്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മുന്‍ മന്ത്രി രാജീവ് ചന്ദ്രശേഖറിനും കടുത്ത അതൃപ്തിയുണ്ട്.
ബിജെപി എ ക്ലാസ് മണ്ഡലമെന്ന് കരുതുന്ന പാലക്കാട് ഇത്തവണ കുറഞ്ഞത് 10,000ല്‍ അധികം വോട്ടുകളാണ്. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടിക്ക് വോട്ട് നഷ്ടപ്പെട്ടു. ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലും സി കൃഷ്ണകുമാറിന് ലീഡുണ്ടാക്കാന്‍ സാധിച്ചില്ല. മണ്ഡലത്തില്‍ 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്.