പണം അടച്ച് കണക്ഷൻ കിട്ടിയ ശേഷം എന്തിനാണ് മർദിക്കാൻ പോയത്. കണക്ഷൻ കിട്ടുന്നത് വൈകിയാൽ തല്ലാനും അടിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ആരെങ്കിലും കൊടുത്തിട്ടുണ്ടോ? കെഎസ്ഇബി ഓഫീസ് തകർത്ത സംഭവം; പ്രതികരണവുമായി കെ കൃഷ്ണൻകുട്ടി

പണം അടച്ച് കണക്ഷൻ കിട്ടിയ ശേഷം എന്തിനാണ് മർദിക്കാൻ പോയത്. കണക്ഷൻ കിട്ടുന്നത് വൈകിയാൽ തല്ലാനും അടിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ആരെങ്കിലും കൊടുത്തിട്ടുണ്ടോ? കെഎസ്ഇബി ഓഫീസ് തകർത്ത സംഭവം; പ്രതികരണവുമായി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസ് തകർത്ത സംഭവത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയുടേത് പ്രതികാരനടപടിയല്ലെന്നും ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അത്തരമൊരു നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. ‘കെ.എസ്.ഇ.ബി. കമ്പനിയാണ്, അവർക്ക് വൈദ്യുതി വിച്ഛദിക്കാനുള്ള അധികാരമുണ്ട്. ബിൽ അടയ്ക്കാതിരുന്നാൽ വൈദ്യുതബന്ധം വിച്ഛേദിക്കും. അതിന് ജീവനക്കാരനെ മർദിക്കുകയും ഓഫീസിൽ കേറി വലിയ അക്രമം കാണിക്കുകയും ചെയ്തു. അതുകൊണ്ട് ചെയ്തത് ശരിയാണെന്നല്ലേ തോന്നൂ. ഇനി എം.ഡി. പറഞ്ഞിട്ട് കണക്ഷൻ കൊടുക്കാൻ പോയാൽ അക്രമിക്കില്ലെന്ന് ആരാണ് ഉറപ്പുതരുക. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്’, മന്ത്രി വ്യക്തമാക്കി.

‘യു.പി. മോഡൽ അല്ല. പ്രതികാരമല്ല. മൂന്നുപേരെ മർദിച്ചു. ഇനിയും മർദിക്കുമെന്നാണ് പറയുന്നത്. പണം അടച്ച് കണക്ഷൻ കിട്ടിയ ശേഷം എന്തിനാണ് മർദിക്കാൻ പോയത്. കണക്ഷൻകിട്ടുന്നത് വൈകിയാൽ തല്ലാനും അടിക്കാനും നശിപ്പിക്കാനുമുള്ള അധികാരം ആരെങ്കിലും കൊടുത്തിട്ടുണ്ടോ? ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അങ്ങനെയൊരു നടപടി എടുത്തത്. ജീവനക്കാർ അവിടെപ്പോയി അക്രമമുണ്ടായാൽ ആര് മറുപടി പറയും’, അദ്ദേഹം ചോദിച്ചു.

അസിസ്റ്റന്റ്‌ എൻജിനീയറടക്കം ജീവനക്കാരെ മർദിച്ചെന്നും ഏതാണ്ട്‌ മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം മുൻ പ്രസിഡന്റ് യു.സി. അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അതേസമയം, വീടും വൈദ്യുതി കണക്ഷനും തന്റെ പേരിലാണെന്ന് അജ്മലിന്റെ പിതാവ് ഉള്ളാട്ടിൽ അബ്ദുൽ റസാഖ് പറഞ്ഞു.

തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപമുള്ള വീട്ടിൽ വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയതുമൂലം കണക്ഷൻ വിച്ഛേദിച്ച ലൈൻമാൻ പി. പ്രശാന്തിനെയും സഹായി എം.കെ. അനന്തുവിനെയും വെള്ളിയാഴ്ച വൈകുന്നേരം വീട്ടുപരിസരത്തുവെച്ച് അജ്മലിന്റെ നേതൃത്വത്തിൽ മർദിച്ചിരുന്നു. അസി. എൻജിനിയർ പി.എസ്. പ്രശാന്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റുചെയ്തിരുന്നില്ല. പരാതിനൽകിയതിലുള്ള അരിശമാണ് എൻജിനിയറുടെനേർക്ക് കാണിച്ചതെന്ന് ജീവനക്കാർ പറയുന്നു. ഓഫീസിലെ കസേരകൾ, ബെഞ്ചുകൾ തുടങ്ങിയവ മറിച്ചിട്ട് നശിപ്പിച്ചനിലയിലാണ്. രണ്ട് കംപ്യൂട്ടർ തകരാറിലായതായി ജീവനക്കാർ പറഞ്ഞു. മേശയുടെ ഗ്ലാസ് പൊട്ടി ജീവനക്കാർക്ക് മുറിവേറ്റിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )