ഇസ്രയേലിന്റെ മറ്റൊരു ക്രൂരമുഖം; ഗാസയില്‍ ഭക്ഷണത്തിന് അകമ്പടി പോയ 12 പേരെ വധിച്ച് ഇസ്രയേല്‍ സൈന്യം
ഗാസ: 434 ദിവസം പിന്നിട്ട ഗാസയിലെ ഇസ്രയേല്‍ നരനായാട്ടിനും വ്യാപക നശീകരണത്തിനും ഇടയില്‍, പട്ടിണികിടക്കുന്ന ഗാസക്കാര്‍ക്ക് ഭക്ഷണവുമായി പോയ സംഘത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സഹായ വസ്തുക്കളുമായി പോയ ട്രക്കിന് അകമ്പടി സേവിച്ച പലസ്തീന്‍ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
12 പേര്‍ കൊല്ലപ്പെടുകയും ഡസന്‍കണക്കിന് പേര്‍ക്ക് പരിക്കേറ്റല്‍ക്കുകയും ചെയ്തതായി സംഭവസ്ഥലത്തുനിന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസിന് പടിഞ്ഞാറ് ഭാഗ?ത്തേക്ക് പോവുകയായിരുന്ന സഹായ സംഘത്തിന്റെ വാഹനത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ കൊടും പട്ടിണിയിലായ മനുഷ്യരെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് പുതിയ ആക്രമണം.
ഞായറാഴ്ച രാത്രി റഫയില്‍ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 10 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഗാസ സിറ്റിയിലെ താമസസ്ഥലത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു.
സെന്‍ട്രല്‍ ഗാസയിലെ നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മരണസംഖ്യ 13 ആയി ഉയര്‍ന്നു. ഗാസയില്‍ ഇതിനകം കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 44,805 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 106,257 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.