ഇസ്രായേലിന്റെ കൂട്ടക്കൊല; ആക്രമണങ്ങൾ തടയാൻ മുസ്‍ലിം രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇറാൻ

ഇസ്രായേലിന്റെ കൂട്ടക്കൊല; ആക്രമണങ്ങൾ തടയാൻ മുസ്‍ലിം രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇറാൻ

തെഹ്റാൻ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ ഇസ്‍ലാമിക രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും ഇറാൻ ആഹ്വാനം ചെയ്തു. 90 പേർ മരിക്കാനിടയായ ആക്രമണം കുട്ടികളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ കുറ്റകൃത്യമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ ഖനാനി പറഞ്ഞു.

അമേരിക്കയുടെ സൈനിക സഹായം, അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ശബ്ദത, യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം, ഇസ്‍ലാമിക രാജ്യങ്ങൾ അവരുടെ അസാമാന്യ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലെ പരാജയം എന്നിവയാണ് ഫലസ്തീന് നേരെ ആക്രമണം നടത്താൻ ഇസ്രായേലിനെ സഹായിക്കുന്നത്.

ഫലസ്തീനിലെ പോരാളികളിൽനിന്ന് പരാജയം നേരിട്ടതിനാലാണ് ഇസ്രാ​യേൽ ഇത്തരത്തിൽ ആക്രമണം നടത്തുന്നത്. ഗസ്സ മുനമ്പിലെ പ്രതിരോധമില്ലാത്ത സാധാരണക്കാരുടെ മാനുഷികമോ ധാർമികമോ ആയ അതിരുകൾ ഇസ്രായേൽ തിരിച്ചറിയുന്നില്ല. ഇത്തരം നടപടികൾ ഇസ്രായേലിനെതിരായ ആഗോള രോഷം വർധിപ്പിക്കുമെന്നും അവരുടെ തകർച്ചയെ വേഗത്തിലാക്കുമെന്നും ഖനാനി കൂട്ടിച്ചേർത്തു.

ഫലസ്തീൻ രാഷ്ട്രത്തിനുള്ള പിന്തുണ തുടരുമെന്ന് ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിന്റെ ദൃഢതയും പോരാളികളുടെ വീരോചിതമായ ധീരതയും കാരണം അന്തിമ വിജയം ഫലസ്തീൻ ജനങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )