കശ്മീർ താഴ്വരയിൽ വിളഞ്ഞ് ഇൻഡ്യ മുന്നണി; തൊട്ടതെല്ലാം പിഴച്ച് ബിജെപി
ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപിക്കും ബിജെപിയ്ക്കൊപ്പം നിന്നവർക്കും വലിയ തിരിച്ചടി. പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത് കോൺഗ്രസ് നയിക്കുന്ന ഇൻഡ്യ മുന്നണി വലിയ വിജയത്തിലേക്ക് നീങ്ങുന്നുവെന്നതാണ്. 10 വർഷത്തിനിപ്പുറം കശ്മീരിലെ ജനത ബിജെപിയെ തള്ളാനും കോൺഗ്രസിനൊപ്പം നിൽക്കാനും തീരുമാനിച്ചുവെന്നാണ് ഫല സൂചന. ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനം അടക്കമുള്ള ബിജെപി നിലപാടുകൾക്കെതിരെ ജനം വിധിയെഴുതിയെന്ന് വേണം മനസ്സിലാക്കാൻ.
കുൽഗാം മണ്ഡലത്തിൽ നിന്ന് സിപിഐഎമ്മിന്റെ തരിഗാമിയുടെ മുന്നേറ്റവും സൂചിപ്പിക്കുന്നത് ബിജെപി നേരിടുന്ന തിരിച്ചടിയുടെ ആഘാതമാണ്. ഹരിയാനയ്ക്കൊപ്പം കശ്മീരിലും മുന്നേറുന്നത് കോൺഗ്രസിന് ഇരട്ടി മധുരം സമ്മാനിക്കുന്നു. 50 ന് മുകളിൽ സീറ്റിലാണ് നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യ (ഇൻഡ്യ മുന്നണി) മുന്നേറ്റം. 90 സീറ്റിൽ കേവല ഭൂരിപക്ഷം നേടാൻ 45 സീറ്റുകൾ മതിയാകും.
ഒരു ഘട്ടത്തിൽ ബിജെപിക്കൊപ്പം നിന്ന് സർക്കാർ രൂപീകരിച്ച പിഡിപിക്കും കശ്മീരിൽ കാലിടറി. ബിജെപിക്കും മാത്രമല്ല ഒപ്പം നിന്നവർക്കും പിഴയ്ക്കുന്നതാണ് കശ്മീരിൽ നിന്നുള്ള കാഴ്ച. ജമ്മുകശ്മീരിൽ രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുല്ല ലീഡ് ചെയ്യുന്നു. എക്സിറ്റ് പോൾ ഫലങ്ങളെ തള്ളുന്നത് കൂടിയാണ് ജനങ്ങൾ നൽകുന്ന വിധി.