ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

നടി ഹണി റോസ് നല്‍കിയ സൈബര്‍ അധിക്ഷേപ പരാതിയില്‍ പൊലീസ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് നീക്കം. അതേസമയം ഹണി റോസ് നല്‍കിയ സൈബര്‍ അധിക്ഷേപ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോ?ഗിച്ചു. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം.

സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. തനിക്കെതിരെ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

പരാതി അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നല്‍കി വിളിപ്പിക്കും. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് കൊച്ചി പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പൊലീസിന് കൈമാറിയിട്ടുണ്ട്. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.

അതിനിടെ ഹണി റോസിന്റെ പരാതിയിന്മേലുള്ള അന്വേഷണത്തില്‍ സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണവും സെന്‍ട്രല്‍ എസിപിക്ക് കേസിന്റെ മേല്‍നോട്ട ചുമതലയും നല്‍കി. സൈബര്‍ സെല്‍ അംഗങ്ങളും അന്വേഷണ സംഘത്തില്‍ ഉണ്ട്. ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു. അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ അശ്ലീല കമന്റിട്ടവര്‍ക്കെതിരേയും പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഹണി റോസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല കമന്റുകള്‍ ഇട്ടവര്‍ക്കെതിരെയുമാണ് നടപടി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )