സർക്കാർ ഉദ്യോഗസ്ഥൻ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, പിന്നിൽ സാമ്പത്തിക തർക്കമെന്ന് സൂചന

സർക്കാർ ഉദ്യോഗസ്ഥൻ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, പിന്നിൽ സാമ്പത്തിക തർക്കമെന്ന് സൂചന

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥനായ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ ലോക്കൽഫണ്ട് ഓഡിറ്ററും വെള്ളറട സ്വദേശിയുമായ ഷാജി എന്ന 43 കാരനെയാണ് വെള്ളറട ആനപ്പാറ സാംസ്കാരിക വേദി ഗ്രന്ഥശാലയ്ക്ക് സമീപത്തുള്ള വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തുമായുള്ള സാമ്പത്തിക ഇടപാടിലെ തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞ ദിവസം വൈകിട്ടുമുതൽ ഷാജിയെ കാണാനില്ലായിരുന്നു. രാവിലെ ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയായ ഭാര്യയെ ജോലിസ്ഥലത്ത് എത്തിച്ചശേഷമാണ് ഷാജിയെ കാണാതായത്. ജോലികഴിഞ്ഞ് ഇവർ ഒരുമിച്ചാണ് പതിവായി വീട്ടിലേക്ക് എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞദിവസം വൈകിട്ട് ഭാര്യ ഫോൺവിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷാജിയുടെ കാർ ആനപ്പാറ ആർസി ചർച്ചിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പരിസരപ്രദേശത്ത് ഷാജി അവസാനമായി എത്തിയെന്ന് വ്യക്തമായി. ഇതോടെ പൊലീസ് പ്രദേശത്ത് അന്വേഷണം ശക്തമാക്കി. തുടർന്നാണ് സുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ഷാജിയുടെ മൃതദേഹം ഇന്നുരാവിലെ കണ്ടെത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )