ആനസവാരി കേന്ദ്രത്തിലെ പാപ്പാൻ്റെ കൊലപാതകം: സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ; കേസെടുത്ത് വനം വകുപ്പ്
അടിമാലി കല്ലാറില്‍ ആനസവാരി കേന്ദ്രത്തിലെ രണ്ടാം പാപ്പാനെ ആന ചവിട്ടി കൊന്ന സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. പെര്‍ഫോമിങ് ആനിമല്‍സ് ആക്ട് 2001 പ്രകാരവും വന്യജീവി സംരക്ഷണം നിയമപ്രകാരവും നടത്തിപ്പുകാര്‍ക്കെതിരെയും ഉടമയ്‌ക്കെതിരെയും കേസെടുത്തു. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോയും നല്‍കി.
ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് ഇടുക്കി അടിമാലി കല്ലാറിലെ അറുപതാംമൈലിന് സമീപം പ്രവര്‍ത്തിക്കുന്ന കേരള ഫാം സ്‌പൈസസിനോട് ചേര്‍ന്ന ആന സവാരി കേന്ദ്രത്തിലെ പന്ത്രണ്ടര വയസ്സുള്ള ലക്ഷ്മി എന്ന ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) കൊല്ലപ്പെടുന്നത്. വൈകിട്ട് സഞ്ചാരികളുമായി റൈഡ് പുറപ്പെടുന്നതിനിടെ ആനയെ ഒരുക്കുന്നതിനിടെയാണ് ആന ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ബാലകൃഷ്ണന്‍ മരിച്ചു.
തുടര്‍ന്നാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇടുക്കി സോഷ്യല്‍ ഫോറസ്റ്ററി എസിഎഫിന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്നാണ് ഇടുക്കി സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തിയത്. മുന്‍പും പലതവണ സ്റ്റോപ്പ് മെമൊകള്‍ നല്‍കിയിരുന്നെങ്കിലും ഇത് അവഗണിച്ചാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ലംഘനം വ്യക്തമായതോടെയാണ് നടത്തിപ്പുകാര്‍ക്കെതിരെയും ആനയുടെ ഉടമക്കെതിരെയും പെര്‍ഫോമിങ് ആനിമല്‍ ആക്ട് നിയമപ്രകാരം വനം വന്യജീവി വകുപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആനയെ വനം വകുപ്പ് നിരീക്ഷണത്തില്‍ കോട്ടയത്തെ ഉടമയുടെ സ്ഥലത്തേക്ക് മാറ്റും.