നേപ്പാളിൽ കനത്ത പ്രളയം : 59 മരണം, 44 പേരെ കാണാതായി

നേപ്പാളിൽ കനത്ത പ്രളയം : 59 മരണം, 44 പേരെ കാണാതായി

നേപ്പാളിൽ നാശം വിതച്ച് കനത്തമഴയും വെള്ളപ്പൊക്കവും. മഴയിലും വെള്ളകെട്ടിലും അകപ്പെട്ട് 59 പേർക്കാണ് ജീവൻനഷ്ടമായത്. കാണാതായ 44 പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ് . വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും അകപ്പെട്ട 1,252 പേരെ പോലീസ് രക്ഷപ്പെടുത്തിയതായി നേപ്പാളി പോലീസ് വക്താവ് ഡാൻ ബഹാദൂർ കർക്കി പറഞ്ഞു. തലസ്ഥാന നഗരമായ കാഠ്മണ്ഡുവുമായി രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നവ ഉൾപ്പെടെ രാജ്യത്തെ മിക്ക ഹൈവേകളും ദുരന്തങ്ങൾ കാരണം തടസ്സപ്പെട്ടതായി പോലീസ് പ്രസ്താവനയിൽ പറയുന്നു.

നേപ്പാളിൽ വെള്ളിയാഴ്ച മുതൽ നിർത്താതെ മഴ പെയ്യുകയാണ്. ഒന്നിലധികം നദികൾ കരകവിയാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ മുന്നറിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനും അവർക്ക് ആശ്വാസം പകരാനും അധികാരികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെൻ്റ് അതോറിറ്റിയുടെ വക്താവ് ബസന്ത അധികാരി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി 20,000 പോലീസുകാരെ അണിനിരത്തിയതായി നേപ്പാളി സർക്കാരും അറിയിച്ചു.

ശരാശരിയേക്കാൾ കൂടുതൽ മഴയാണ് ഇത്തവണ നേപ്പാളിൽ പെയ്തത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മഴ ദക്ഷിണേഷ്യയിലുടനീളം വ്യാപകമായ മരണവും നാശവും വരുത്താൻ ഇടയാക്കി. സമീപ വർഷങ്ങളിലും മാരകമായ വെള്ളപ്പൊക്കങ്ങളുടെയും മണ്ണിടിച്ചിലുകളുടെയും എണ്ണം വർദ്ധിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )