കര്‍ഷക പ്രക്ഷോഭം ഇന്ന് പുനഃരാരംഭിക്കും; അമൃത്സറിലേക്ക് പോകുന്ന ബിജെപി നേതാക്കളെ തടയും
അമൃത്സറിലേക്ക് പോകുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെയും തടയുമെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിംഗ് പന്ദേര്‍. ഇരുവരും പഞ്ചാബിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്തുവെന്നും സര്‍വന്‍ സിംഗ് പന്ദേര്‍ വ്യക്തമാക്കി. ശംഭു അതിര്‍ത്തിയില്‍ പൊലീസുമായി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് പുനഃരാരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് മാര്‍ച്ച് ആരംഭിക്കുക. 101 കര്‍ഷകര്‍ ജാഥയായി ഡല്‍ഹിയിലേക്ക് നീങ്ങും. ഡല്‍ഹി പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ശംഭു അതിര്‍ത്തിയിലും, അംബാലയിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് നടപടിയില്‍ 17 കര്‍ഷകര്‍ക്ക് പരുക്കേറ്റിരുന്നു. മാര്‍ച്ച് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം തന്നെ പൊലീസ് കണ്ണീര്‍ വാതക ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. അതേസമയം, ശംഭു അതിര്‍ത്തിയില്‍ ഈ മാസം ഒന്‍പത് വരെ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കര്‍ഷക പ്രക്ഷോഭം നടക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ എത്തി. എം എസ് പി നിയമംവഴി ഉറപ്പാക്കണം,കാര്‍ഷിക കടം എഴുതിത്തള്ളല്‍, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം.