വയനാട് ദുരന്തമേഖലയില്‍ നല്‍കിയത് പുഴുവരിച്ച അരി. പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഭക്ഷണത്തിനായി നല്‍കിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങള്‍ക്ക് നല്‍കാമെന്ന് നോക്കിയാല്‍ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചവര്‍ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവര്‍ക്ക് ലഭിച്ചത്.
സംഭവത്തില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ഇരിപ്പിടങ്ങള്‍ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസുമായി സംഘര്‍ഷവുമുണ്ടായി. പ്രവര്‍ത്തകര്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി ഓഫിസിന്റെ ഉള്ളില്‍ നിലത്തിട്ട് പ്രതിഷേധിച്ചു. പഞ്ചായത്ത് അധികൃതര്‍ ആരും ഇതുവരെ ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ലെന്നും, അങ്ങനെ ഉണ്ടായാല്‍ സമരം അവസാനയിപ്പിക്കുമെന്നുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.