ആരാധകരുടെ വോട്ട് മുഖ്യം; താരങ്ങളെ വിമർശിക്കരുതെന്ന് വിജയ്

ആരാധകരുടെ വോട്ട് മുഖ്യം; താരങ്ങളെ വിമർശിക്കരുതെന്ന് വിജയ്

ചെന്നൈ: സിനിമ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന താരങ്ങള്‍ ഏറെയാണ് തമിഴ്‌നാട്ടില്‍. എന്നാല്‍ അവരില്‍ ചിലര്‍ക്ക് രാഷ്ട്രീയത്തില്‍ ശോഭിക്കുവാനായി സാധിച്ചില്ല. എന്നാല്‍ തമിഴക വെട്രി കഴകം (ടി.വി.കെ.) ത്തിലൂടെ രാഷ്ട്രീയരംഗത്ത് ചുവടുറപ്പിക്കുകയാണ് വിജയ്. ഇപ്പോള്‍ ഇതാ സിനിമ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് അണികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് വിജയ്. എന്നാല്‍ രജനി,അജിത് ആരാധകരുടെ വോട്ട് ലക്ഷ്യമിട്ടാണ് വിജയുടെ ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്.

ചെന്നൈയില്‍ നടന്ന ടി.വി.കെ. യോഗത്തില്‍ വെച്ച് രജനീകാന്തിന്റെയും അജിത്തിന്റെയും പേരുകള്‍ എടുത്ത് പറഞ്ഞു കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് അണികള്‍ക്ക് വിജയ് നിര്‍ദ്ദേശം നല്‍കിയത്. രജനികാന്തിനും അജിത്തിനും തമിഴ്‌നാട്ടില്‍ വലിയൊരു ആരാധക ശൃംഖലയാണ് ഉള്ളത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ചുവടുവെക്കുന്ന ടി.വി.കെയെ സംബന്ധിച്ചിടത്തോളം മറ്റു താരങ്ങളുടെ ആരാധകരുടെ വോട്ടുകള്‍ വളരെ പ്രധാനപ്പെട്ടതാണ്.

വിജയ് ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ രജനി,അജിത്ത് ആരാധകര്‍ അവയെ പരാജയപ്പെടുത്തുവാനായി രംഗത്തെത്താറുണ്ട്. രജനീകാന്തിന്റെയും അജിത്തിന്റെയും സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ തിരിച്ചും ഇതേ സംഭവം തന്നെയാണ് ഉണ്ടാവുക. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ ഏറ്റുമുട്ടുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് ഒരു തടയിട്ടു കൊണ്ട് രജനികാന്തിന്റെയും അജിത്തിന്റെയും ഫാന്‍സിനെ ടി.വി.കെയോട് അടുപ്പിച്ചു നിര്‍ത്താനാണ് വിജയുടെ ശ്രമം.

വിജയുടെതായി അവസാനം പുറത്തിറങ്ങിയ ഗോട്ട് എന്ന സിനിമയില്‍ അജിത്ത് ആരാധകരെ സന്തോഷിപ്പിക്കുന്ന രംഗം ഉണ്ടായതും അതുകൊണ്ട് തന്നെയാണെന്നാണ് പറയുന്നത്. രജനികാന്ത് ആശുപത്രിയിലായിരുന്ന വേളയില്‍ ആരോഗ്യവിവരം തിരക്കി വിജയ് വിളിക്കുകയും ഉണ്ടായി. വിക്രവാണ്ടിയില്‍ നടന്ന ടി.വി.കെ സമ്മേളനത്തിന് രജനി ആശംസകള്‍ നേരുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ടി.വി.കെയുടെ വിജയത്തിനായി മറ്റു താരങ്ങളുടെ ആരാധകരെ യോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് വിജയുടെ ശ്രമം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )