ഡിഎംകെയുടെ പ്രളയദുരിതാശ്വാസം ശാശ്വതമല്ല; ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്ന് വിജയ്
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കൈകാര്യം ചെയ്തതില്‍ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (DMK) സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴഗ വെട്രി കഴകം (TVK) അദ്ധ്യക്ഷനും നടനുമായ വിജയ് ചൊവ്വാഴ്ച രംഗത്തെത്തി. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സഹായം വിതരണം ചെയ്യുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന നേതാക്കള്‍ മാധ്യമ ശ്രദ്ധ മാറിക്കഴിഞ്ഞാല്‍ ജനങ്ങളെ ഉപേക്ഷിക്കുമെന്നും വിജയ് വിമര്‍ശിച്ചു. ദുരന്തനിവാരണത്തെ ഒരു ആചാരാനുഷ്ഠാനമായി സര്‍ക്കാര്‍ മാറ്റിയതായി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിജയ് കുറിച്ചു.
കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രാഥമിക മുന്‍കരുതല്‍ നടപടികള്‍ പോലും നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ഭരണസംവിധാനം മറക്കുന്നുവെന്ന് വിജയ് പറഞ്ഞു. ‘ഒന്നോ രണ്ടോ ദിവസം ആളുകളെ കാണുകയും താല്‍ക്കാലിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്താല്‍ മാത്രം പോരാ. ദുരന്ത നിവാരണത്തിനും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനും വേണ്ടിയുള്ള ദീര്‍ഘകാല നടപടികള്‍ അത്യാവശ്യമാണ്.’
ഡിഎംകെ സര്‍ക്കാര്‍ വിമതരെ സര്‍ക്കാര്‍ വിരുദ്ധരായി മുദ്രകുത്തി വിമര്‍ശനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയോ അവരുടെ ഉദ്ദേശ്യങ്ങളെ കാവിവല്‍ക്കരിക്കുകയോ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു.എന്നാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന ഭരണാധികാരികള്‍ക്ക് ആയുസ്സില്ലെന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഭക്ഷണം, കുടിവെള്ളം, പലചരക്ക് സാധനങ്ങള്‍ തുടങ്ങിയ അവശ്യ സഹായങ്ങള്‍ നല്‍കുന്നത് തുടരാന്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ടിവികെ പ്രവര്‍ത്തകരോട് വിജയ് അഭ്യര്‍ത്ഥിച്ചു. അവരുടെ തുടര്‍ച്ചയായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും കാലാവസ്ഥാ വകുപ്പ് കനത്ത മഴയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നത് തുടരുന്നതിനാല്‍ ജാഗ്രത പാലിക്കാനും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും ആഹ്വാനം ചെയ്തു.
വെള്ളപ്പൊക്കം കുറഞ്ഞ് സാധാരണ നിലയിലേക്ക് മടങ്ങുന്നത് വരെ നമ്മുടെ സഖാക്കള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അവരുടെ ദുരിതങ്ങള്‍ അകറ്റാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും വിജയ് പറഞ്ഞു