ബജറ്റ് അവഗണന: കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡി.എം.കെ

ബജറ്റ് അവഗണന: കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡി.എം.കെ

ചെന്നൈ: ബജറ്റില്‍ തമിഴ്‌നാടിനെ അവ​ഗണിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധ സമരം പ്രഖ്യാപിച്ച് ഭരണകക്ഷിയായ ഡി.എം.കെ. ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു കൂട്ടിയ നിതി ആയോഗ് യോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. നാളെ പാര്‍ട്ടിയുടെ എല്ലാ ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രകടനം നടത്താൻ പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി.

തമിഴ്നാട്ടിലെ ജനങ്ങളെ കബളിപ്പിക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ തത്ത്വത്തിന് എതിരാണെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് അനുവദിച്ച് രാജ്യത്തുടനീളം തുല്യമായ വളര്‍ച്ചയ്ക്കാണ് ബജറ്റ് സഹായിക്കേണ്ടത്. എന്നാല്‍ മൂന്നാം മോദി സര്‍ക്കാറിന്റെ ബജറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നില്ല, സംസ്ഥാനത്തിന് മെട്രോ റെയില്‍ രണ്ടാം ഘട്ട പദ്ധതിക്കും പ്രളയ ദുരിതാശ്വാസത്തിനും ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു.

ചില സംസ്ഥാനങ്ങള്‍ക്ക് മാത്രം ദുരന്തനിവാരണത്തിനായി ഫണ്ട് നല്‍കി, സംസ്ഥാനത്തെ അവഗണിച്ചു. ബജറ്റിൽ തമിഴ്നാടിന്റെ പേരുപോലും ഇടംപിടിച്ചില്ല. കേന്ദ്ര ബജറ്റിൽ തമിഴ്നാടിന് പ്രത്യേക പദ്ധതികളില്ല. റെയിൽവേ പദ്ധതികളും പ്രഖ്യാപിച്ചില്ല. തമിഴ്നാട് എന്നൊരു സംസ്ഥാനമുണ്ടെന്ന ചിന്തപോലും ബി.ജെ.പി സർക്കാറിനില്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നതെന്നും ,മൂന്നാം മോദി സര്‍ക്കാറിന്റെ ബജറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )