‘തെറ്റുപറ്റിയെന്ന് എഡിഎം കളക്ടറോട് പറഞ്ഞു, കൈക്കൂലി വാങ്ങിയെന്നല്ലേ അതിനർത്ഥം’; കോടതിയിൽ ദിവ്യയുടെ വാദം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുന്നത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചു നില്‍ക്കുകയാണ് പി പി ദിവ്യ. എഡിഎമ്മിന്റെ ഫോണ്‍ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി കോടതിയില്‍ വാദിച്ചത്. നവീന്‍ ബാബു തന്റെയടുത്തുവന്ന് കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴിയുടെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും എഡിഎം തെറ്റു പറ്റിയെന്ന് പറഞ്ഞാല്‍ കൈക്കൂലി അല്ലാതെ മറ്റെന്താണ് അര്‍ത്ഥമെന്നും ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ വാദിച്ചു. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദം തുടങ്ങിയത്.
ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ചോദിച്ചപ്പോള്‍ അതിനെ തങ്ങള്‍ എതിര്‍ത്തില്ലെന്നും അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. യാത്രയയപ്പ് ചടങ്ങില്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നില്ല എന്നത് അംഗീകരിക്കുന്നു. ഉദ്ദേശ്യം ഇല്ലാതെ ചെയ്താല്‍ കുറ്റമാണോയെന്നും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയോട് ചോദിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
കൈക്കൂലി നല്‍കിയെന്ന് പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണത്തെ ശരിവെക്കുന്നതാണ്. കൈക്കൂലി നല്‍കിയത് ആറാം തിയതിയാണ്. പ്രശാന്തിന്റെയും നവീന്റെയും ഫോണ്‍ രേഖകള്‍ തെളിവായുണ്ട്. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത് കൈകൂലി നല്‍കിയതിനാണെന്നും ഇതിലൂടെ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്നും പി പി ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണം കൈക്കൂലിയല്ലെന്ന് പ്രോസിക്യൂഷനും വാദിച്ചു. അച്ചടക്ക ലംഘനവും ജോലിയില്‍ നിന്നും വിട്ട് നിന്നതുമാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കോള്‍ ഉണ്ടെങ്കിലും കൈക്കൂലി നല്‍കിയതിന് തെളിവുണ്ടോ? ബാങ്ക് വായ്പ എടുക്കുന്നത് കൈക്കൂലി നല്‍കാന്‍ ആണോ എന്ന മറുചോദ്യവും പ്രോസിക്യൂഷന്‍ ഉന്നയിച്ചു.