ഡൽഹി- കൊച്ചി എയർ ഇന്ത്യാ എക്സ്പ്രസ് വൈകുന്നു; പ്രതിഷേധിച്ച് യാത്രക്കാർ
ഡൽഹി: ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതായി പരാതി. 10 മണിക്കൂറായിട്ടം വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് 4702 വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. അധികൃതരില്‍ നിന്നും കൃത്യമായ മറുപടി ലഭിക്കാതെയിരുന്നതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. വിമാനം വൈകുന്നതിനുള്ള കാരണം അധികൃതർ വ്യക്തമാക്കുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ ഭക്ഷണം പോലും കിട്ടാതെ വലയുകയാണ്. ഓണത്തിനായി നാട്ടിലേക്ക് പോകാനായി എത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവരാണ് പെട്ടിരിക്കുന്നത്. വിമാനം ആറുമണിയ്ക്ക് പുറപ്പെടുമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാൽ ആറുമണിക്കും വിമാനം പുറപ്പെട്ടില്ല.
‘മലയാളികളുടെ ഓണം എത്രത്തോളം ദുരിതപൂർണ്ണം ആക്കാം എന്നുള്ളതിൻ്റെ വലിയ പരീക്ഷണമാണ് എയർ ഇന്ത്യാ എക്സ്പ്രസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ‘മൂന്ന് മണിക്കൂർ മുമ്പ് എത്തണം എന്നു പറഞ്ഞിട്ട് ആറുമണിയ്ക്കാണ് എത്തിയത്. കഠിനമായ മഴയും ട്രാഫിക് ജാമു എല്ലാം തരണം ചെയ്താണ് ആളുകൾ ഇവിടെയെത്തിയത്. ബോഡിങ് പാസ് നൽകിയ ശേഷം വിമാനം ഒരുമണിക്ക് പുറപ്പെടുമെന്ന് പറഞ്ഞു. ഒരു മണിയ്ക്ക് ശേഷം എപ്പോഴാണ് പുറപ്പെടുന്നത് എന്നത് അറിയാതെ ധാരാളം നുണകൾ മാറി മാറി പറഞ്ഞ് ബുദ്ധിമുട്ടിച്ചു.
ഇത്രയും നേരമായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഭക്ഷണം പോലുമില്ല. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, മരുന്നുകഴിക്കുന്നവരും ഇതിലുണ്ട്. ഇതൊന്നും അധികൃതർ ശ്രദ്ധിക്കുന്നില്ല. എയർപോർട്ട് മാനേജറായ ത്രിവേദി എന്നയാളോട് പറയുമ്പോൾ അവർക്ക് ഒന്നും ചെയ്യാനാകുന്നില്ല. അടുത്ത ആള് എബി ജോർജ് മലയാളിയാണെന്ന് കണ്ടെത്തി. എന്നാൽ അയാളുടെ നമ്പർ ആവശ്യപ്പെട്ടിട്ട് തന്നില്ല. മലയാളികളോടുള്ള ഈ അവഗണന എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ള സ്ഥാപനങ്ങൾ അവസാനിപ്പിച്ചേ പറ്റൂ. ഇപ്പോൾ വിമാനം വന്നു എന്ന് പറയുന്നുണ്ട്. ബോഡിങ് ആരംഭിച്ചിട്ടില്ല. അകത്ത് കയറാനാകും എന്നാണ് വിശ്വസിക്കുന്നത്. 12 മണിയാകുമ്പോഴെങ്കിലും എത്തുമായിരിക്കും’, ഒരു യാത്രക്കാരൻ പറഞ്ഞു.