ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ; ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് തമിഴ്നാട് സർക്കാർ
ദളിതർ പ്രവേശനം നടത്തിയതിനെ തുടർന്ന് മേൽ ജാതിക്കാർ അടിച്ചുതകർത്ത ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് തമിഴ്നാട് സർക്കാർ. ഈ മാസം ആദ്യമാണ് ദളിതർ ക്ഷേത്ര പ്രവേശനം നടത്തിയത്. കെവി കുപ്പം താലൂക്കിലെ ഗെമ്മൻകുപ്പം ഗ്രാമത്തിലെ കാലിയമ്മൻ ക്ഷേത്രമാണ് അടിച്ചുതകർത്തത്. ക്ഷേത്രത്തിലെ ആടി മാസ പരിപാടികളിൽ നിന്നും ദളിത് സമുദായത്തെ വിലക്കാനുള്ള തീരുമാനം ലംഘിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചതാണ് അക്രമത്തിന് പ്രേരണയാത്. സംഭവത്തിൽ എസ് നവീൻ കുമാറിന്റെ പരാതിയിൽ എസ്‌സി/ എസ്ടി നിയമപ്രകാരം കെവി കുപ്പം പൊലീസ് കേസെടുത്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്രമസമാധാന ചർച്ചയിൽ വിഷയം ചർച്ചയായതിന് പിന്നാലെ ഓഗസ്റ്റ് 14നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഗ്രാമത്തിലെ 50 ശതമാനം വരുന്ന ദളിത് സമൂഹം വർഷങ്ങളായി കാളിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ആരാധിച്ചുവരുന്നവരാണ്. കാലക്രമേണ മറ്റ് ജാതിയിൽപ്പെട്ടവർ ആരാധന നടത്തിവരുകയും പിന്നാലെ ദളിതർ വിവേചനം നേരിടുകയായിരുന്നുവെന്നും നവീൻ കുമാർ പറയുന്നു. ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള പുറംമ്പോക്ക് ഭൂമിയിലാണ് നേരത്തെ പ്രതിഷ്ഠയുണ്ടായിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രതിഷ്ഠയ്ക്ക് ചുറ്റിലും ക്ഷേത്രം പണിയുകയായിരുന്നു. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തങ്ങളിൽ നിന്നും പണം പിരിച്ചിട്ടുണ്ടെന്നാണ് ദളിത് വിഭാഗക്കാർ വ്യക്തമാക്കുന്നത്.