‘ദാന’ ചുഴലിക്കാറ്റ്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ,7 ജില്ലയില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ‘ദാന’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അതിശക്ത മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച നിലവില്‍ ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ന് അര്‍ദ്ധരാത്രിക്കും നാളെ പുലര്‍ച്ചെക്കുമിടയില്‍ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 152 ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 24 നുള്ള പാട്‌ന-എറണാകുളം എക്‌സ്പ്രസ് (22644), 23നുള്ള ദിബ്രൂഗഡ്-കന്യാകുമാരി (22504) തുടങ്ങിയ ട്രെയിനുകള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിലെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 26 വരെ അവധി പ്രഖ്യാപിച്ചു. ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍, നോര്‍ത്ത് സൗത്ത് 24 പര്‍ഗാനകളെയും ചുഴലിക്കാറ്റ് കാര്യമായി ബാധിക്കും.