നിയമസഭാ മാര്‍ച്ചിന് എത്തിയ അരിതാ ബാബുവിന്റെ സ്വര്‍ണം മോഷണം പോയതായി പരാതി

നിയമസഭാ മാര്‍ച്ചിന് എത്തിയ അരിതാ ബാബുവിന്റെ സ്വര്‍ണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ മാല മോഷണം പോയതായി പരാതി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സി ടി സ്‌കാന്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിവെച്ച മാലയും കമ്മലുമാണ് കാണാതായത്. സഹപ്രവര്‍ത്തകയുടെ ബാഗില്‍ ആയിരുന്നു ഒന്നരപവനോളം സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ആദ്യഘട്ടത്തില്‍ സമാധാനപരമായിരുന്നു. നേതാക്കളുടെ പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ജല പീരങ്കി പലതവണ പ്രയോഗിച്ചു. രണ്ടാമത്തെ ജലപീരങ്കി എത്തിച്ച് വെള്ളം ചീറ്റിയിട്ടും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞു പോയില്ല. കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ എറിഞ്ഞു. ഇതോടെയാണ് പൊലീസ് നാല് തവണ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചത്.

തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച അരിത ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജലപീരങ്കി പ്രയോഗത്തില്‍ മറ്റ് ചില പ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )