മുസ്ലീങ്ങൾക്കെതിരായ പരാമർശം; മോദിക്കെതിരെ നടപടിയെടുക്കണമെന്ന് പിണറായി വിജയൻ

മുസ്ലീങ്ങൾക്കെതിരായ പരാമർശം; മോദിക്കെതിരെ നടപടിയെടുക്കണമെന്ന് പിണറായി വിജയൻ

പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ദേശവിരുദ്ധമാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ ഒരു തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മുസ്ലീം സമുദായത്തെ പ്രത്യേകമായി പേരെടുത്ത് അവഹേളിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ മുസ്ലീം വിരുദ്ധ വിദ്വേഷം സൃഷ്ടിക്കാന്‍ സാങ്കല്‍പ്പിക കഥകള്‍ മെനഞ്ഞെടുത്ത് പ്രധാനമന്ത്രി വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ഞായറാഴ്ച രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി നടത്തിയ വിവാദ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി പിണറായി പറഞ്ഞു. രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ അപമാനിക്കുന്ന തരത്തില്‍ ‘തികച്ചും ദേശവിരുദ്ധ’ പ്രസംഗമായിരുന്നു മോദിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം സമുദായത്തെ നുഴഞ്ഞുകയറ്റക്കാരെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി, എങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ അങ്ങനെ വിളിക്കുന്നതെന്ന് ആശ്ചര്യപ്പെട്ടു.

പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് നയിക്കാന്‍ ബാധ്യസ്ഥനായ വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് പുനര്‍വിതരണം ചെയ്യുമെന്ന് ഞായറാഴ്ച രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞിരുന്നു. ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായും മോദി ആരോപിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )