നാട്ടുകാരുമായി അടുപ്പമില്ല, എപ്പോഴും സംശയം; ദുരൂഹത നിറഞ്ഞ ചെന്താമര
പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന പ്രതി ചെന്താമര നയിച്ചത് ദുരൂഹത നിറഞ്ഞ ജീവിതം. എപ്പോഴും സംശയത്തോടെ ആളുകളോട് പെരുമാറുന്ന സ്വഭാവക്കാരനാണ് ചെന്താമരയെന്ന് നാട്ടുകാര്‍ പറയുന്നു. ചെന്താമരയുടെ ഈ സംശയമാണ് അഞ്ച് വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതകത്തിലെത്തിലേക്ക് നയിച്ചത്. നാട്ടുകാരുമായി അടുപ്പമില്ലാത്ത ചെന്താമരയുടെ നീക്കങ്ങളെല്ലാം ദുരൂഹത നിറഞ്ഞതാണ്.
അയല്‍ക്കാരെ എപ്പോഴും സംശയത്തോടെയാണ് ചെന്താമര നോക്കുന്നത്. പലരോടും പക. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മറ്റുള്ളവരെന്നാണ് ചെന്താമര എപ്പോഴും കരുതിയിരുന്നത്. ചെന്താമരയുടെ ഈ സംശയമാണ് അഞ്ച് വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയുടെ കൊലപാതകത്തിന് പിന്നില്‍. ചെന്താമരയുടെ ഭാര്യയും കുട്ടികളും ഇയാളുടെ സ്വഭാവത്തില്‍ സഹികെട്ട് പിരിഞ്ഞായിരുന്നു താമസം. ഭാര്യയും മക്കളും പിരിഞ്ഞു പോയതിന് കാരണം സജിതയാണെന്നായിരുന്നു ചെന്താമരയുടെ സംശയം. ആ സമയം സുധാകരന് തിരുപ്പൂരിലായിരുന്നു ജോലി. സുധാകരന്റെയും സജിതയുടെയും മക്കള്‍ സ്‌കൂളിലും. ഈ സമയം നോക്കിയായിരുന്നു സജിതയെ ചെന്താമര വെട്ടിക്കൊന്നത്. കൊലപാതകശേഷം ചെന്താമര മലമുകളിലെ കാട്ടിലൊളിച്ചു. തന്ത്രപരമായാണ് അന്ന് പൊലീസ് ചെന്താമരയെ പിടികൂടിയത്.
ചെന്താമരന്റെ പക എന്നിട്ടുമടങ്ങിയില്ല. ജാമ്യത്തിലിറങ്ങിയ പ്രതി ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. അവസരം കാത്തിരുന്ന് ഇന്ന് സുധാകരനെയും മീനാക്ഷിയേയും കൊലപ്പെടുത്തി. രാവിലെ പത്ത് മണിയോടെയാണ് ഇരുവരെയും പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ചെന്താമര ഒളിവില്‍ പോയി. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിക്കായി വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തും.
സജിതയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്ത മാസം തുടങ്ങാനിരിയ്‌ക്കെയാണ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും കൊലപാതകം നടത്തിയത്. പ്രതി ചെന്താമരയ്‌ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിയുടെ ഭീഷണി കുടുംബത്തിന് നേരെ നിരന്തരം ഉണ്ടായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നെന്മാറ പോലീസിന് പരാതി നല്‍കിയിരുന്നതായി മകള്‍ അഖില പറയുന്നു. എന്നാല്‍ പൊലീസ് പ്രതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം വിട്ടയച്ചിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് കൊലപാതകത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.