ആമിര്‍ ഖാന്റെ ഡീപ്പ് ഫേക്ക് വീഡിയോ; മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു
മുംബൈ: കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ഥിക്കുന്ന ആമിര്‍ ഖാന്റെ ഡീപ്പ് ഫേക്ക് വീഡിയോക്കെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ആമിര്‍ ഖാന്‍ തന്റെ 35 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടില്ല. വര്‍ഷങ്ങളായി ജനങ്ങളില്‍ തിരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന പ്രചാരണങ്ങളില്‍ നടന്‍ ഭാഗമാകുന്നുണ്ട്.
ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അടുത്തിടെ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ പത്രപ്രസ്താവന വന്നിരുന്നു. ആമിര്‍ ഖാന്‍ അവതരിപ്പിച്ച ടെലിവിഷന്‍ ഷോയായ സത്യമേവ ജയതേയുടെ പ്രൊമോ വീഡിയോ എഡിറ്റ് ചെയ്തായിരുന്നു വ്യാജ വീഡിയോ ഒരുക്കിയത്. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കുവെച്ചിരുന്നു.