‘മകനെ തിരക്കി പ്രസാദ് ഇന്നലെയും എത്തിയിരുന്നു’; വിളിച്ചുവരുത്തി കൊന്നതാണെന്ന് അരുണിന്റെ രക്ഷിതാക്കൾ
കൊല്ലം: ഇരവിപുരത്ത് 19 വയസ്സുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട അരുണിന്റെ രക്ഷിതാക്കള്‍. തന്റെ മകനും പ്രസാദിന്റെ മകളും തമ്മില്‍ കുറച്ചുകാലങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് അരുണിന്റെ രക്ഷിതാക്കള്‍ പറഞ്ഞു. ഇന്നലെയും പ്രസാദ് അരുണിനെ തിരക്കി വീട്ടിലെത്തിയിരുന്നുവെന്ന് അമ്മ പ്രതികരിച്ചു. അരുണിനെ കാണണമെന്ന് പറഞ്ഞാണ് പ്രസാദ് എത്തിയത്. ഇവര്‍ തമ്മിലുണ്ടായ പ്രശ്‌നം എന്തെന്ന് പൊലീസ് അന്വേഷണത്തില്‍ മാത്രമേ അറിയാന്‍ കഴിയൂ.
മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അരുണിന്റെ പിതാവ് ബിജു പ്രതികരിച്ചത്. മകനെ കൊല്ലുമെന്ന് പ്രസാദ് ഭീഷണിപ്പെടുത്തിയിരുന്നു. മകനുമായി പ്രസാദിന്റെ മകള്‍ ഇഷ്ടത്തിലായിരുന്നുവെന്നും ബിജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഇരവിപുരം ശരവണ നഗര്‍ വെളിയില്‍ വീട്ടില്‍ പ്രസാദ്(46) ആണ് മകളുടെ സുഹൃത്തായ 19കാരന്‍ അരുണിനെ കുത്തിക്കൊന്നത്. കൊലപാതക ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സെപ്റ്റംബര്‍ 20 ന് വൈകിട്ടായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ അരുണ്‍ ചികിത്സയിലിക്കെ രാത്രി 9 മണിയോടെ മരിച്ചു. പ്രസാദിന്റെ ബന്ധു, അരുണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി. അവിടെ വച്ചു കയ്യില്‍ കരുതിയ കത്തിയെടുത്തു പ്രസാദ് അരുണിനെ കുത്തുകയായിരുന്നു.