![നവീൻ ബാബുവിന് സർക്കാർ അനുവദിച്ച സിം കാർഡിലെ വിവരം ശേഖരിക്കും നവീൻ ബാബുവിന് സർക്കാർ അനുവദിച്ച സിം കാർഡിലെ വിവരം ശേഖരിക്കും](https://thenewsroundup.com/wp-content/uploads/2024/11/naveen-babu-carr.jpg)
നവീൻ ബാബുവിന് സർക്കാർ അനുവദിച്ച സിം കാർഡിലെ വിവരം ശേഖരിക്കും
കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം.) ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. സര്‍ക്കാര്‍ അനുവദിച്ചിരുന്ന സി.യു.ജി സിം കാര്‍ഡിലെ വിവരം അന്വേഷണസംഘം ശേഖരിക്കും. നവീന്‍ ബാബുവിന്റെ രണ്ട് ഫോണുകളിലെ വിവരം അന്വേഷണസംഘം ശേഖരിച്ചുകഴിഞ്ഞു. അത് കൂടാതെയാണ് ഔദ്യോഗിക സിമ്മിലെ വിവരം ശേഖരിക്കുന്നത്. കളക്ടറുടെ ഫോണ്‍സംഭാഷണ വിവരവും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. അതിനുശേഷം കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പി.പി.ദിവ്യ, ടി.വി.പ്രശാന്തന് എന്നിവരുടെ ഫോണ്‍വിവരം നേരത്തേ ശേഖരിച്ചിരുന്നു.
സംഭവം സംബന്ധിച്ച് എല്ലാവശവും അന്വേഷിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. മരിച്ചയാളോട് നീതി പുലര്‍ത്തുന്നതാകണം അന്വേഷണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
കൈക്കൂലി നല്കിയെങ്കില് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തില്ലെന്നത് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എം.ഗീത നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. അതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണസംഘം ഗീതയുടെ മൊഴിയെടുക്കും.
കേസ് ഡയറി ആദ്യം ഹാജരാക്കിയപ്പോള്‍ കളക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി ദിവ്യക്ക് ജാമ്യമനുവദിച്ചുള്ള കോടതി ഉത്തരവിലുണ്ട്. എ.ഡി.എം. കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴിയാണ് ജാമ്യാപേക്ഷയില്‍ പ്രധാന വാദമായി ഉയര്‍ന്നത്. കളക്ടറുടെ മൊഴി വീണ്ടുമെടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കളക്ടറും ദിവ്യയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകന്റെ വാദം. കളക്ടറോട് എ.ഡി.എം. കുറ്റസമ്മതം നടത്തിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കളക്ടറോട് എ.ഡി.എം. കുറ്റസമ്മതം നടത്താന്‍ സാധ്യതയില്ലെന്നാണ് മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചത്. എ.ഡി.എമ്മും കളക്ടറും തമ്മില്‍ നേരത്തേ നല്ല ബന്ധമായിരുന്നില്ലെന്നും സൂചിപ്പിച്ചു. ഇതിനൊക്കെയുള്ള ഉത്തരമാകും കളക്ടറുടെ ഇനിയുള്ള മൊഴി.