വരുന്നില്ലെന്നും പറഞ്ഞിട്ടും കൂട്ടുകാര്‍ നിര്‍ബന്ധിച്ചു. അമ്മയെ വിളിച്ച് അനുവാദം വാങ്ങി പോയി; ആല്വിന് ഇന്ന് യാത്രാമൊഴി
മങ്കൊമ്പ്: കളര്‍കോട് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആല്വിന് ജോര്‍ജിന്റെ (19) സംസ്കാരം തിങ്കളാഴ്ച നടക്കും. എടത്വ സെന്റ് ജോര്‍ജ് ഫൊറോനോ പള്ളിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷമായിരിക്കും സംസ്കാരം. ആല്‍വിന്റെ മൃതദേഹം ഇന്നലെ പകല്‍ 2.30 നാണ് തലവടി പഞ്ചായത്ത് കറുകപ്പറമ്പിലെ വീട്ടില്‍ എത്തിച്ചത്. നിരവധി പേരാണ് വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചത്.
ഇന്ന് വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 9.30 ന് വിലാപയാത്രയായി മൃതദേഹം ആല്വിന് പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ എത്തിച്ചശേഷം പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്കാരം. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിന് സമീപത്താണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആല്വിന് എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം ആല്‍വിനെ സുഹൃത്തുകള്‍ സിനിമയ്ക്ക് പോകാന്‍ ക്ഷണിച്ചിരുന്നെങ്കിലും ആദ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ അമ്മയെ വിളിച്ച് അനുവാദം വാങ്ങിയായിരുന്നു ആല്വിന് ഇറങ്ങിയത്. 11 പേരായിരുന്നു അന്ന് ആല്‍വിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആറ് പേര് മരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്.