ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്ന്; ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിന് സസ്പെന്ഷന്
കൊച്ചി: ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്പെന്ഷന്. ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെന്‍ഡ് ചെയ്താണ് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ആണ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. സാബുവിന്റെ നടപടി പൊലീസ് സേനയുടെയും സര്‍ക്കാരിന്റെയും സല്പേരിനു കളങ്കം വരുത്തിയെന്നും ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത നടപടി ഗുരുതര അച്ചടക്കലംഘനമാണെന്നും കണ്ടെത്തിയിരുന്നു. അടുത്ത കാലത്താണ് ഇയാള്‍ കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലെത്തിയത്. ഡിവൈഎസ്പിക്കും പൊലീസുകാര്‍ക്കും വേണ്ടിയാണ് ഗുണ്ടാ നേതാവ് തമ്മനം ഫൈസല്‍ അങ്കമാലിയിലെ വീട്ടില്‍ വിരുന്ന് ഒരുക്കിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിവരെ നടന്ന പരിപാടിയിലാണ് ആലപ്പുഴയിലെ ഡിവൈഎസ്പിയും മൂന്ന് പൊലീസുകാരും പങ്കെടുത്തത്. എന്നാല്‍, അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ബാത്റൂമില്‍ ഒളിച്ചു. സംഭവത്തില്‍ മൂന്ന് പൊലിസുകാരെ നേരത്തേ സസ്പെന്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ്. സംഭവത്തിന് ശേഷം തമ്മനം ഫൈസല്‍ അടക്കം രണ്ട് പേരെ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വീട്ടില്‍ പാര്‍ട്ടി നടത്തിയിട്ടില്ലെന്നാണ് ഗുണ്ടാ നേതാവ് തമ്മനം ഫൈസല്‍ പ്രതികരിച്ചത്. വീട്ടില്‍ ഡിവൈഎസ്പി വന്നിട്ടില്ല. മറിച്ച് പൊലീസ് വീട്ടില്‍ വന്ന് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് പറഞ്ഞത്. വീട്ടില്‍ താമസക്കാര്‍ ആരെല്ലാമാണെന്നതടക്കമുള്ള വിവരങ്ങളും ശേഖരിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടില്ലെന്നും ഫൈസല്‍ പറഞ്ഞു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവിനെതിരെ ശിക്ഷാ നടപടി. ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത സംഭവം വിവാദമായതിന് ശേഷം ഇയാള്‍ക്ക് നല്‍കാനിരുന്ന യാത്രയയപ്പിനായി ഒരുക്കിയ കൂറ്റന്‍ പന്തല്‍ പൊലീസ് പൊളിച്ച് നീക്കി.