ആര്‍ക്കും കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ച; ഈ വഴി സഞ്ചരിക്കുന്നവര്‍ ഇങ്ങോട്ടൊന്നു നോക്കാതെ ഇരിക്കില്ല
ഈ വഴി സഞ്ചരിക്കുന്നവര്‍ ഇങ്ങോട്ടൊന്നു നോക്കാതെ ഇരിക്കില്ല. കോട്ടയം എറണാകുളം സംസ്ഥാനപാതയില്‍ അരയന്‍കാവ് എത്തുന്നതിനുമുമ്പ് റോഡ് അഭിമുഖമായി അല്പം ഉയര്‍ന്നിരിക്കുന്ന ഈ വീടും പരിസരവും ആര്‍ക്കും കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്. മുറ്റം മുഴുവന്‍ 150 ഓളം ഇനത്തില്‍പ്പെട്ട ബോഗിന്‍ വില്ല പൂവിട്ട് നില്‍ക്കുന്ന കാഴ്ച അതിമനോഹരം തന്നെയാണ്. ഇതില്‍ തന്നെ നൂറിലധികം ഹൈബ്രിഡ് ഇനങ്ങളാണ്. വലിയ ചട്ടികളില്‍ പൂവിട്ടു നില്‍ക്കുന്ന ഓരോ ബുകിന്‍ വില്ല ചെടിയും ഒന്നിനൊന്നു മനോഹരമാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ വീടിനെ അതികഠിനമായ ചൂടില്‍ നിന്നും സംരക്ഷിച്ചുകൊണ്ട് വലിയ മരങ്ങളുടെ സാന്നിധ്യവും ഉണ്ട്.
ഇത്രയധികം ചെടികള്‍ സംരക്ഷിക്കുന്നത് വളരെയധികം പ്രാക്ടീസ് ഉള്ള ഒരു ഡോക്ടര്‍ ആണ് എന്നുള്ളതും കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ചെറുപ്പം മുതല്‍ ചെടികളെയും,പൂക്കളെയുംഇഷ്ടപ്പെടുന്ന ഡോക്ടര്‍ സൂരജ് ജി നായര്‍ തികഞ്ഞ ഒരു പ്രകൃതി സ്‌നേഹി തന്നെയാണ്. എറണാകുളം ലക്ഷ്മി ആശുപത്രിയിലും, പിറവത്തിന് അടുത്തുള്ള എ. പി വര്‍ക്കി മിഷന്‍ ആശുപത്രിയിലെയും ഓര്‍ത്തോപീഡിക് സര്‍ജനായ ഡോക്ടര്‍ സൂരജ് രാത്രി ഏറെ വൈകിയാലും ചെടികളെ പരിപാലിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്താറില്ല, ലക്ഷങ്ങള്‍ വില വരുന്ന ബോഗിന്‍ വില്ല അന്വേഷിച്ച് നഴ്‌സറി ഉടമകള്‍ എത്താറുണ്ടെങ്കിലും ഒരിക്കലും അദ്ദേഹം ഒന്നും വില്‍ക്കാന്‍ തയ്യാറല്ല. മറിച്ച് ഇത് നല്‍കുന്ന മാനസികാരോഗ്യമാണ് ഏറെ വലുതെന്നു അദ്ദേഹം പറയുന്നു.