അടങ്ങാതെ അന്‍വര്‍; ആവശ്യം മുഖ്യന്റെ രാജി അല്ലെങ്കില്‍ മാപ്പ് പറയല്‍. മുഖ്യമന്ത്രിയും ഓഫീസും നാടകം കളിക്കുന്നുവെന്നും അന്‍വര്‍
നിലമ്പൂര്‍: ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പി ആര്‍ ഏജന്‍സി നല്‍കിയ വിവരങ്ങളെന്ന് പറയപ്പെടുന്ന ഭാഗം എഴുതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് സൂചന ലഭിച്ചെന്ന് പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖ വ്യക്തികളാണ് വിവരങ്ങള്‍ ഏജന്‍സിക്ക് കൈമാറിയത് എന്നാണ് വിവരം. ഈ കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും അന്‍വര്‍ പറഞ്ഞു. താന്‍ പറഞ്ഞതല്ലെങ്കില്‍ ഏജന്‍സിക്കും ദ ഹിന്ദുവിനും എതിരെ കേസ് എടുക്കാത്തത് എന്ത് കൊണ്ടാണ്. അഭിമുഖത്തിന്റെ റെക്കോര്‍ഡ് പുറത്ത് വിടാത്തത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പി ആര്‍ ഏജന്‍സിക്ക് കുറിപ്പുകള്‍ പോയ സംഭവം അറിവോടെ അല്ലെങ്കില്‍ മുഖ്യമന്ത്രി ഓഫീസില്‍ ഉള്ളവര്‍ക്ക് എതിരെ നടപടി സ്വീകരിക്കേണ്ടത് അല്ലെ. അതിനര്‍ത്ഥം സംഭവിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്നല്ലേ.
മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിക്കുകയാണെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. സെപ്റ്റംബര്‍ 13 ലെ ഏജന്‍സിയുടെ റിലീസിന് പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം ഒഴിയുന്നില്ലങ്കില്‍ മാപ്പ് എങ്കിലും പറയണം. മുഖ്യമന്ത്രിക്ക് പി ആര്‍ ഏജന്‍സി ഇല്ലെന്ന് മന്ത്രിമാര്‍ പറയും. ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പറയും. പി ആര്‍ ഏജന്‍സിയെ കുറിച്ച് പാര്‍ട്ടിക്ക് 40 അഭിപ്രായങ്ങള്‍ ഉണ്ടാകും. അഭിപ്രായങ്ങള്‍ പറയാന്‍ നട്ടെല്ല് ഉള്ള ആരും ഇല്ലാത്തത് കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഈ അവസ്ഥ വന്നത്. പാര്‍ട്ടിക്ക് മുഖ്യമന്ത്രിയെ ഭയമാണോ. മലപ്പുറത്ത് പിടിച്ച സ്വര്‍ണം രാജ്യദ്രോഹത്തിന് വേണ്ടിയാണ് പോകുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.. എനിക്ക് ശേഷം പ്രളയമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരായ കെ ടി ജലീലിന്റെ നിലപാടില്‍ അദ്ദേഹത്തെ കുറ്റം പറയാനാകില്ലെന്നും കെ ടി ജലീലിന് സ്വന്തമായി നില്‍ക്കാനുള്ള ശേഷിയില്ലെന്നും അന്‍വര്‍ ആരോപിച്ചു. മറ്റുള്ളവരുടെ കാലില്‍ ആണ് ജലീല്‍ നില്‍ക്കുന്നത്. സ്വയം നില്‍ക്കാന്‍ ശേഷി ഇല്ലാത്തത് കൊണ്ടാണിത്. ജലീലിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയത് കൊണ്ടാകാം പിന്മാറിയത്. താന്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ആയിഷ പോകുന്ന വഴിയില്‍ വീട്ടില്‍ കയറിയത് ആണ്. ആര്‍ക്ക് വേണമെങ്കിലും മാറ്റി പറിയിപ്പിക്കാം. അവരുടെ മനസ് എന്താണ് എന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്ന് മാത്രം. ആര്‍ എസ് എസ് ഏറ്റവും മഹത്തരമായ സംഘടനയാണ് എന്ന് പറഞ്ഞത് കേരള സ്പീക്കറാണ്. അതിനുള്ള മറുപടി കണ്ണൂരിലെ ജനങ്ങള്‍ കൊടുക്കും.
നിലമ്പൂരിലെ പൊതുയോഗത്തിലേക്ക് ഇരട്ടി ആളുകള്‍ വരുമായിരുന്നു. അവരെ തടയുകയായിരുന്നു. ബാപ്പു വെള്ളിപറമ്പ് പിന്തുണ അറിയിക്കാന്‍ വന്നതാണ്. എന്നാല്‍ തടഞ്ഞെന്നും പി വി അന്‍വര്‍ ആരോപിച്ചു. പുതിയ പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ഞായറാഴ്ച പറയും. ജനങ്ങള്‍ പറയുന്നത് അനുസരിച്ചായിരിക്കും തീരുമാനം. ഈ വരുന്ന ആറിന് മഞ്ചേരിയില്‍ ജില്ലാ തല രാഷ്ട്രീയ വിശദീകരണം സംഘടിപ്പിക്കും. വലിയ അടിയൊഴുക്കുകള്‍ ഉണ്ടാകും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം മൂലം നിയമതടസം ഉണ്ടായാല്‍ വേണ്ടി വന്നാല്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ട്ടിയെ ഏതെങ്കിലും മുന്നണിയുടെ ഭാ?ഗമാക്കില്ല. പാര്‍ട്ടി രൂപീകരണം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു. എല്ലാവര്‍ക്കും ജീവ ഭയമാണ്. ഭാവിയില്‍ കൂടെ നില്‍ക്കാമെന്ന് പല നേതാക്കളും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.